സ്ത്രീ സമത്വം ലക്ഷ്യമിട്ട് സാംസ്കാരിക വകുപ്പ് വിഭാവനം ചെയ്ത ‘സമം’ സാംസ്കാരിക മുന്നേറ്റത്തിന് പാലക്കാട് ജില്ലാ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഒരുക്കുന്ന ഐക്യദാർഢ്യ സദസ്സ് നാളെ (ഓഗസ്റ്റ് 31) വൈകീട്ട് നാലിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിളാതീരത്ത് ഉദ്ഘാടനം ചെയ്യും. പി.മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷനാകും. വികെ. ശ്രീകണ്ഠൻ എം.പി, ഷൊർണൂർ നഗരസഭാ ചെയർമാൻ എം.കെ ജയപ്രകാശ് എന്നിവർ വിശിഷ്ടാതിഥികളാകും. വൈസ് ചെയർപേഴ്സൺ

പി.സിന്ധു, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽഖാദർ, വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോർഡിനേറ്റർ കെ.ആർ അർജുൻ , കെ.എം ലക്ഷ്മണൻ, കലാമണ്ഡലം അബിജോഷ് , പി.രാജേഷ് എന്നിവർ സംസാരിക്കും. തുടർന്ന് വജ്രജൂബിലി കലാകാരിയുടെ സാംസ്‌കാരിക സദസ്സും അനുബന്ധ കലാവതരണങ്ങളും നടക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് മൂന്നിന് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഷൊർണൂർ നഗരസഭാ കൺവീനർ കലാമണ്ഡലം ഷർമിള ആമുഖം അവതരിപ്പിക്കും. 3.15 ന് അട്ടപ്പാടിയിലെ ഗോത്ര ഗായികമാർ നാടൻപാട്ട് അവതരിപ്പിക്കും.

സംസ്ഥാനത്തെ 175 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ആയിരം കലാകാരന്മാരെ വിന്യസിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് സൗജന്യ കലാപരിശീലനം നൽകുവാനും സമൂഹത്തിൽ കാലാവബോധം വളർത്തുവാനും സംസ്ഥാന സാംസ്‌കാരിക വകുപ്പ് വിഭാവനം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. പാലക്കാട് ജില്ലയിൽ 94 കലാകാരൻമാർ 12 ബ്ലോക്ക് പഞ്ചായത്തുകൾക്കും മൂന്ന് മുനിസിപ്പാലിറ്റികൾക്കും കീഴിൽ സൗജന്യ കലാപരിശീലനം നടത്തി വരുന്നു. കോവിഡ് കാലത്തു ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ കലാ-സാംസ്‌കാരിക -സാമൂഹിക ഇടപെടലുകളും നടത്തി വരുന്ന ക്രിയാത്മകമായ പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്.