പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കുന്നതില്‍ കാസര്‍കോടിന് പ്രഥമ പരിഗണന നല്‍കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ജനവാസ മേഖലയിലെ വന്യജീവി പ്രശ്നത്തിന് പരിഹാരം കാണാന്‍ കാസര്‍കോട് കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഒരു റേഞ്ചില്‍ ഒന്നെന്ന നിലയില്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആവശ്യമാണ്. നിലവില്‍ കാസര്‍കോട് ജില്ലയില്‍ ഒരു ഫോറസ്റ്റ് സ്റ്റേഷന്‍ പോലുമില്ല. സംസ്ഥാനത്ത് ആകെ 94 ഫോറസ്റ്റ് സ്റ്റേഷനുകള്‍ കൂടി വേണമെന്നും ഇതിന് ധനവകുപ്പിന്റെ കൂടി അനുമതി ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കെ കാസര്‍കോട് ജില്ലയില്‍ ഒരു ദ്രുത കര്‍മ സേന (ആര്‍.ആര്‍.ടി) മാത്രമാണുള്ളത്. ഇത് വര്‍ധിപ്പിക്കണമെന്ന എം.എല്‍.എമാരുടെ ആവശ്യം പരിഗണനയിലാണ്. ആര്‍.ആര്‍.ടികള്‍ ശക്തിപ്പെടുത്തും. വന്യജീവികളെ തുരത്താന്‍ സോളാര്‍ വേലി, ഫെന്‍സിങ്, ട്രെഞ്ച് തുടങ്ങിയവ നടപ്പിലാക്കുന്നുണ്ട്. ഇപ്പോള്‍ ചുരുക്കം സ്ഥലങ്ങളിലാണ് ഇത്തരം സംവിധാനങ്ങള്‍ ഉള്ളത്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനമാണെങ്കിലും വൈദ്യുതി എത്താത്ത വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ പ്രയാസത്തിലാണ്. വനംവകുപ്പിന്റെ അനുമതിയാണ് തടസമായി ചൂണ്ടിക്കാട്ടുന്നത്.ഈ പ്രശ്നം പരിഹരിക്കും. മലയോര ഹൈവേ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ തടസപ്പെടാതിരിക്കാന്‍ നിയമത്തിനകത്തു നിന്നു കൊണ്ട് പരമാവധി അനുകൂലമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.