ഒരു കുറിപ്പിലൂടെ ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ പകരാനാകുമെന്ന് തെളിയിക്കുകയാണ് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലെ പെണ്‍കുട്ടിയെ വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത് മകളായി തന്നെ കരുതിയാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇന്ന് സാമൂഹ്യ മാധ്യമ തംരംഗമായി മാറി. 24 മണിക്കൂര്‍ തികയും മുമ്പേ പതിനയ്യായിരത്തിലധികം ലൈക്കുകള്‍, 1500 ലേറെ കമന്റുകള്‍ ഒപ്പം 500 ലേറെ ഷെയറുകളും.
‘ഒരുപാട് സന്തോഷം നല്‍കിയ ദിനം, ഒപ്പം ആത്മനിര്‍വൃതിയും. ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ എന്റെ മകള്‍ കുമാരി ഷക്കീലയുടെയും വെള്ളിമണ്‍ സ്വദേശി വിധുരാജിന്റെയും വിവാഹ സുദിനം’ എന്ന് തുടങ്ങി വിവാഹ ചടങ്ങില്‍ രക്ഷാകര്‍തൃ സ്ഥാനത്ത് നില്‍ക്കുന്ന ചിത്രങ്ങളും സഹിതമുള്ള കലക്ടറുടെ പോസ്റ്റാണ് വൈറലായത്.
‘എന്റെ മകള്‍’ എന്ന വിശേഷണത്തില്‍ എല്ലാം അടങ്ങുന്നുവെന്ന് രേഖപ്പെടുത്തിയ കമന്റുകളാണ് ഏറെയും. ജില്ലയുടെ ഭാഗമായി മാറി രണ്ടര വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പമുണ്ട് ഈ കലക്ടര്‍ എന്ന് പറയാതെ പറയുന്ന ഒട്ടേറെ പ്രതികരണങ്ങള്‍ വേറെ. കോവിഡ് മഹാമാരിക്കാലത്ത് സ്‌നേഹത്തിന്റെ, കരുതലിന്റെ സന്ദേശം പകര്‍ന്ന് തംരംഗമായി മാറുകയാണ് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍.
