കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘അതിജീവനത്തിനു പെണ്‍വായന’പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സമകാലിക വിഷയങ്ങളിലെ ആശങ്കകളും ആകുലതകളും ചര്‍ച്ചയ്ക്ക്. അക്ഷരങ്ങളിലൂടെ ലഭിക്കുന്ന അറിവിനെ വിലമതിക്കുന്ന രീതിയില്‍ വിനിയോഗിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കണമെന്ന് ‘വികസനത്തിന്റെ സ്ത്രീപക്ഷ വഴികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടി പറഞ്ഞു.
വീട്ടകങ്ങളിലെ പുസ്തകവായനയെ സജീവമാക്കാനും സ്ത്രീകള്‍ തന്നെ മുന്‍കൈ എടുക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചാവിഷയമായി. ‘വികേന്ദ്രീകൃത വികസനം – പുതിയകാല സാധ്യതകള്‍’ എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ സമിതി അംഗം എസ്. ജമാല്‍ സംസാരിച്ചു. കുടുംബശ്രീ മിഷന്‍ പ്രോഗ്രാം മാനേജര്‍ ആര്‍. ബീന, ജിന്‍സി ജോണ്‍ എന്നിവര്‍ മോഡറേറ്ററായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എസ്. വത്സലകുമാരി നന്ദി പറഞ്ഞു.