കല്‍പ്പറ്റ: ആദിവാസി കോളനികളിലെ അമ്മയും കുഞ്ഞും പരിപാലനം, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നീ ലക്ഷ്യങ്ങള്‍ക്കായി ആവീഷ്‌കരിച്ച ആര്‍ദ്രം പരിപാടിയുടെ ഭാഗമായി തുടങ്ങിയ ഊരുമിത്രം പദ്ധതി വ്യാപിപ്പിക്കുന്നു. അടുത്ത മാര്‍ച്ചിനു മുമ്പ് ജില്ലയിലാകെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. നിലവില്‍ വയനാട്, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഈ പദ്ധതിയുള്ളത്. ബന്ധപ്പെട്ട കോളനികളില്‍ നിന്നും ഹാംലറ്റ് ആശമാരുടെ തിരഞ്ഞെടുപ്പ് നടന്നുവരികയാണ്. കാട്ടുനായ്്ക്ക, പണിയ, ഊരാളി, അടിയ വിഭാഗങ്ങളില്‍ നിന്നാണ് തിരഞ്ഞെടുപ്പ്. മേപ്പാടി, നൂല്‍പ്പുഴ, തിരുനെല്ലി, പൂതാടി പഞ്ചായത്തുകളില്‍ നിന്ന് 158 പേരെ തിരഞ്ഞെടുത്തു പരിശീലനം നല്‍കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ തൊണ്ടര്‍നാട്, വെള്ളമുണ്ട, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ നിന്നും ആശമാരെ തിരഞ്ഞെടുക്കും. ലളിതമായി നടപടിക്രമങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. വിവാഹം കഴിഞ്ഞ് കോളനിയിലേക്കെത്തിയ വിദ്യാസമ്പന്നരായ രണ്ടുപേരെ ഊരുകൂട്ടം നിര്‍ദേശിക്കും. ഇവര്‍ക്ക് ഒരു കുട്ടിയെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് മാനദണ്ഡം. ഊരുകൂട്ടം നിര്‍ദേശിക്കുന്നവരെ ജില്ലാതലത്തില്‍ മോണിറ്റര്‍ ചെയ്ത് 75 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടുന്നയാളെ തിരഞ്ഞെടുക്കും. തരിയോട് ട്രെയിനിംഗ് സെന്ററിലാവും നടപടിക്രമങ്ങള്‍. വിദ്യാഭ്യാസം മാനദണ്ഡമാക്കാതെ പെട്ടെന്നു കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിയാണ് പ്രധാനമായും പരിശോധിക്കുക. രണ്ടുപേര്‍ക്കും 75 ശതമാനത്തില്‍ കുറവ് മാര്‍ക്കാണ് ലഭിക്കുന്നതെങ്കില്‍ രണ്ടുപേരെയും ഒഴിവാക്കും. തുടര്‍ന്ന് ബന്ധപ്പെട്ട പഞ്ചായത്തില്‍ അറിയിച്ചതിനുശേഷം അടുത്തയാളെ നിര്‍ദേശിക്കുകയാണെങ്കില്‍ അവരെ പരിഗണിക്കും. ജൂലൈ അഞ്ചിനു മുമ്പ് ഓരോ ഊരില്‍ നിന്നും രണ്ടുപേരുടെ ലിസ്്റ്റ് ലഭ്യമാക്കണമെന്നാണ് പഞ്ചായത്തുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. കാടിനുള്ളിലെ കുടുംബങ്ങള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം.
