കല്‍പ്പറ്റ: ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി പ്രകാരം പുകരഹിത ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്‍ പദ്ധതി ആഗസ്റ്റ് പകുതിയോടെ ജീല്ലയില്‍ പൂര്‍ത്തിയാക്കും. ഇതിനായി പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് ജില്ലയില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ജില്ലയിലെ അരലക്ഷത്തോളം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. നിലവില്‍ ജില്ലയില്‍ 10 ശതമാനം പേര്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ബാക്കിയുള്ള ഗുണഭോക്താക്കളിലേക്കു കൂടി പദ്ധതി വ്യാപിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഈ വര്‍ഷം ആഗസ്റ്റ് ആദ്യവാരം മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാനാണ് ലക്ഷ്യം. ദാരിദ്ര രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന സ്ത്രീകളുടെ പേരിലാണ് കണക്ഷന്‍ നല്‍കുന്നത്. കണക്ഷന്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. കൂടാതെ ആവശ്യക്കാര്‍ക്ക് ഗ്യാസ് സ്റ്റൗവ് അടക്കമുള്ള സംവിധാനങ്ങള്‍ വിതരണക്കാര്‍ ലോണ്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളില്‍ പ്രധാനമന്ത്രി ആവാസ യോചന പദ്ധതിയുടെ ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ മുഴുവന്‍ എസ്.എസി/ എസ്.ടി കുടുംബങ്ങള്‍, അന്ത്യോദയ അന്ന യോചന (എ.എ.വൈ) റേഷന്‍ കാര്‍ഡുടമകള്‍, വന പ്രദേശത്ത് താമസിക്കുന്നവര്‍, ഏറ്റവും പിന്നോക്ക വിഭാഗക്കാര്‍ (എം.ബി.സി), പ്ലാന്റേഷനുകളില്‍ താമസിക്കുന്നവര്‍, പുഴയോരത്തും ദ്വീപിലും താമസിക്കുന്ന സാധാരക്കാര്‍ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.
പദ്ധതിയില്‍ ഉള്‍പ്പെട്ടവരും അര്‍ഹരായവരും വിവിധ തിരിച്ചറിയല്‍ രേഖകള്‍ നോഡല്‍ ഓഫീസര്‍മാരെയോ വിതരണക്കാരെയോ ഏല്‍പ്പിക്കണം. ഗുണഭോക്താവിന്റെ ആധാര്‍ കാര്‍ഡും ലഭ്യമാകുമെങ്കില്‍ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ മറ്റൊരാളുടെ ആധാര്‍ നമ്പറും കണക്ഷന്‍ ലഭിക്കുന്നതിനായി നല്‍കണം. കൂടാതെ ഗുണഭോക്താവന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, റേഷന്‍ കാര്‍ഡ്, വിഭാഗം/ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാനമായും അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടത്. അര്‍ഹതപ്പെട്ടവരുടെയിടയില്‍ വിവാഹമോചനം, വേര്‍പിരിഞ്ഞു ജീവിക്കുന്നവര്‍, മരണം തുടങ്ങിയ സാങ്കേതിക തടസങ്ങള്‍ ഉണ്ടെങ്കില്‍ ആവശ്യമായ സര്‍ട്ടിഫക്കറ്റുകള്‍ പരിശോധിച്ച് ആധാര്‍ നമ്പര്‍ മാത്രം സ്വീകരിച്ചും ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കും. എ.എ.വൈ റേഷന്‍ കാര്‍ഡില്ലാത്ത എസ്.സി./ എസ്.ടി കുടുംബങ്ങള്‍ താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. അപേക്ഷ ഫോമുകള്‍ ബന്ധപ്പെട്ടഗ്യാസ് ഏജന്‍സികളില്‍ നിന്നും ലഭിക്കും.
ആഗസ്റ്റ് പകുതിയോടെ ഉജ്ജ്വല യോചന പദ്ധതി ജില്ലയില്‍ നൂറുശതമാനം വിജയം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കള്‍ അടുത്തുള്ള വിതരണക്കാരെ സമീപിക്കണം. ഇതിനായി ഐ.ഒ.സി, ബി.പി.സി, എച്ച്.പി കമ്പനികളുടെ 15 ഏജന്‍സികളും ജില്ലയില്‍ സജീവമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – ചെറിയതോട്ടം ഭാരത് ഗ്യാസ് – 9447107155, 9947915501, പുത്തന്‍പുരയ്ക്കല്‍ ഭാരത് ഗ്യാസ് – 9744498646, പുല്‍പ്പള്ളി ഭാരത് ഗ്യാസ് – 9447316615, ഗായത്രി ഭാരത് ഗ്യാസ് – 9446838480.
