വിജയിച്ച കുട്ടികള്‍ക്ക് സമഗ്ര ശിക്ഷ പാരിതോഷികങ്ങള്‍ നല്‍കി
മറയൂര്‍ (ആലാംപെട്ടി) സമഗ്രശിക്ഷാ ഇടുക്കിയുടെ നേത്യത്വത്തില്‍ ആദിവാസി മേഖലയില്‍ പത്താം തരം വിജയിച്ച കുട്ടികള്‍ക്ക് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശന സഹായ പദ്ധതിയായ സ്‌കൂള്‍ ടോട്ടല്‍ എന്റോള്‍മെന്റ് പ്രോഗ്രാം (STEP)
അഡ്വ. എ.രാജ എം.എല്‍.എ ആലാം പെട്ടികുടിയില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ആദിവാസി ഗോത്ര വിഭാഗത്തിലെ പത്താം ക്ലാസ് വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും ഊരുകളിലെ നെറ്റ് വര്‍ക്ക് ലഭ്യത അനുസരിച്ച് വിവിധ രീതിയിലാണ് പ്രവേശന സഹായം നല്‍കുന്നത്. നെറ്റ്വര്‍ക്ക് ലഭ്യമായ ഊരുകളില്‍ സമഗ്രശിക്ഷാ പ്രവര്‍ത്തകര്‍ നേരിട്ടെത്തി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ കോഴ്‌സ്, സ്‌കൂള്‍, ഹോസ്റ്റല്‍ സൗകര്യം എന്നിവയെ കുറിച്ച് കൗണ്‍സിലിംഗ് നല്‍കിയതിനു ശേഷം അവിടെ വച്ച് തന്നെ ഏകജാലക പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കും.
നെറ്റ് വര്‍ക്ക് ഇല്ലാത്ത ഊരുകളിലെ കുട്ടികളെ ഊരു വിദ്യാകേന്ദ്രങ്ങള്‍, പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ വോളണ്ടിയര്‍മാര്‍, എസ്.ടി പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സഹായത്തോടെ പ്രിന്റ് ചെയ്ത അപേക്ഷാ ഫോറത്തില്‍ കുട്ടികളെക്കൊണ്ട് വിവരങ്ങള്‍ പൂരിപ്പിച്ച് വാങ്ങി നെറ്റ് വര്‍ക്ക് ലഭ്യമായ അടുത്തുളള കേന്ദ്രങ്ങളില്‍ വച്ച് കുട്ടിയുടെയോ, രക്ഷിതാവിന്റെയോ സാന്നിദ്ധ്യത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തും. തുടര്‍ന്ന്് നടത്തേണ്ട ട്രയല്‍ അലോട്ട്‌മെന്റ്, അപേക്ഷ പുതുക്കല്‍ മുതലായ നടപടി ക്രമങ്ങള്‍ ബി.ആര്‍.സിയില്‍ നിന്നും ചെയ്യുകയും ട്രാക്ക് ചെയ്ത് അഡ്മിഷന്‍ ഉറപ്പാക്കുകയും ചെയ്യും. പ്രവേശനം ലഭിക്കുമ്പോള്‍ ജനമൈത്രി, എക്‌സൈസ്, ഫോറസ്റ്റ് വകുപ്പുകള്‍ ലഭ്യമാക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയും, രക്ഷിതാക്കളെയും സ്‌കൂളുകളില്‍ എത്തിച്ച് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിയ്ക്കും.
കഴിഞ്ഞ വര്‍ഷം 214 കുട്ടികള്‍ക്ക് ഇപ്രകാരം അഡ്മിഷന്‍ നല്‍കാന്‍ കഴിഞ്ഞുയെന്നും, കുട്ടികളുടെ പഠന തുടര്‍ച്ച ഉറപ്പാക്കാന്‍ മറയൂര്‍, കല്ലാര്‍കുട്ടി എന്നിവിടങ്ങളില്‍ സമഗ്രശിക്ഷയുടെ ആണ്‍ക്കുട്ടികള്‍ക്കായുളള ഹോസ്റ്റലുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ ബിന്ദുമോള്‍. ഡി പറഞ്ഞു.
ആലാം പെട്ടി കുടിയില്‍ നിന്നും പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടിയ ദിവ്യ, പത്താം ക്ലാസ്സ് വിജയിച്ച മറ്റ് പത്തുകുട്ടികള്‍ എന്നിവര്‍ക്ക് സമഗ്ര ശിക്ഷാ ഇടുക്കിയുടെ പാരിതോഷികങ്ങള്‍ നല്‍കി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സൂലൈമാന്‍ കുട്ടി കെ.കെ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.