കൊച്ചി: കൂത്താട്ടുകുളം-നടക്കാവ് റോഡില്‍ മുളന്തുരുത്തി പഞ്ചായത്തിലെ തുരുത്തിക്കരയിലെ വെട്ടിക്കുളത്തിന് എന്‍.സി.സി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍
സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു. ആരക്കുന്നം സെന്റ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍ എന്‍.സി.സി. യാണ് നാടിന് ഏറെ സുരക്ഷ നല്‍കുന്ന നിര്‍മാണ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്. അടുത്തിടെ തൃപ്പൂണിത്തുറയില്‍ സ്‌കൂള്‍ വാഹനം ജലാശയത്തില്‍ മറിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹ സന്തോഷിന്റെ ആശങ്കയില്‍ നിന്നാണ് സംരക്ഷണ ഭിത്തി എന്ന ആവശ്യം ഉയര്‍ന്നത്.
പ്രധാന റോഡിനോട് ചേര്‍ന്നുള്ള കുളത്തിന് സംരക്ഷണ ഭിത്തി എന്ന ആവശ്യം തിരിച്ചറിഞ്ഞ സ്‌കൂള്‍, എന്‍.സി.സി.യുടെ നേതൃത്വത്തില്‍ നടത്തിയ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്. കൊച്ചി സണ്‍പോള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി സണ്ണി പോളിന്റെ സാമ്പത്തിക സഹായവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് അധികൃതരുടെ പിന്തുണയുമുണ്ടായിരുന്നു.
തുരുത്തിക്കരയില്‍ ഉയര്‍ന്ന സംരക്ഷണഭിത്തി ഏറെ മാതൃകാപരമാണെന്ന് ജില്ലാ കളകടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ ഭൂപ്രകൃതി ജലാശയങ്ങളാല്‍ സമ്പന്നമാണ്. സ്വകാര്യ വ്യക്തികളുടേതടക്കമുള്ള ഇത്തരം ജലാശയങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ട്. അവിടെയാണ് ഇത്തരം കൂട്ടായ പരിശ്രമങ്ങളുടെ പ്രാധാന്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സി.കെ. റെജി സ്വാഗതം പറഞ്ഞു. മുന്‍ എ.ഡി.എം സി.കെ പ്രകാശ് മുഖ്യാതിഥിയായിരുന്നു. ജില്ല വിദ്യാഭ്യാസ ഉപ ഡയറകടര്‍ സി.എ സന്തോഷ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മാധവന്‍, സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയ പള്ളി വികാരി ഫാ. സെബു പോള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുധ രാജേന്ദ്രന്‍, ഷൈനി സജി, പഞ്ചായത്തംഗങ്ങളായ എ.കെ ബാലകൃഷ്ണന്‍, വി.കെ വേണു, നിജി ബിജു, എന്‍.സി.സി. ഇന്‍ ചാര്‍ജ് ഫാ. മനു ജോര്‍ജ് കെ, ലിറ്റില്‍ കൈറ്റ്‌സ് ക്ലബ് ഇന്‍ ചാര്‍ജ് ഡെയ്‌സി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.