കൊച്ചി: ഉന്നതവിദ്യാഭ്യാസം വിദ്യാര്‍ഥിയുടെ മാതൃഭാഷയില്‍ തന്നെ ആയിരിക്കണമെന്ന് മുന്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലറും  എന്‍ സി ഇ ആര്‍ ടി മേധാവിയുമായ ഡോ. ജെ. പ്രസാദ്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഭാഷാമാറ്റ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജിലെ  മഹലനോബിസ് ഹാളില്‍ നടന്ന ഭരണ ഭാഷ മലയാള ഭാഷാ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥിയുടെ ഭാഷയും വിദ്യാഭ്യാസ ഭാഷയും ഒന്നായിരിക്കണം. അത് രണ്ടായാല്‍ മനസ്സിലാകാതെ കാണാതെ പഠിക്കുന്ന അവസ്ഥയാണ് കുട്ടിക്ക് ഉണ്ടാകുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ ഏറ്റവും അധ:പതിച്ച അധ്യായം നമ്മുടെ നാടന്‍ ഭാഷകളെ കൊള്ളരുതാത്തതാക്കി  എന്നതാണ്. അധികാര വര്‍ഗ്ഗത്തിന്റെ അധീശത്വ ഭാഷയില്‍നിന്നും ജനകീയ ഭാഷയിലേക്ക് വിദ്യാഭ്യാസം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണക്കുപ്രകാരം 700 കോടിയിലധികം ആളുകളാണ് ലോകത്തുള്ളത്. ഇതില്‍ യുനസ്‌കോയുടെ കണക്കനുസരിച്ച് 200 കോടി താഴെ ആളുകള്‍ മാത്രമാണ് ലോകത്തിലെ പല ഭാഗങ്ങളിലായി ഇംഗ്ലീഷ്  സംസാരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍  മാതൃഭാഷയില്‍ തന്നെയാണ് പഠനവും ഗവേഷണവും നടക്കുന്നത്. ഇംഗ്ലീഷ് ഭാഷയ്ക്ക് ഇത്രമാത്രം പ്രാധാന്യം നല്‍കുന്ന രാജ്യം ഇന്ത്യ മാത്രമാണ്. എന്നിരുന്നാലും കേരളത്തിന് പുറത്തേക്കുള്ള കത്തിടപാടുകളിലും മറ്റും ഇംഗ്ലീഷ് ഭാഷയെ മാറ്റിനിര്‍ത്താനാവില്ല. ഭാഷ എങ്ങനെയാണ് ഉച്ചരിക്കേണ്ടത് എന്നതിന് കൃത്യമായ രൂപരേഖയുണ്ടെന്നും എഴുതുമ്പോള്‍ അര്‍ത്ഥം അനുസരിച്ച് എഴുതുവാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കണക്കുപ്രകാരം ധാരാളം കുട്ടികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളിലേക്ക് എത്തിയിട്ടുണ്ട്. 45000 ക്ലാസ് മുറികള്‍ ഹൈടെക് ക്ലാസ് മുറികള്‍ ആക്കി. കൂടാതെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളഭാഷയുടെ ഒപ്പം തന്നെ കുട്ടികള്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി ലളിതമായ രീതിയില്‍ ഇംഗ്ലീഷ് പഠിക്കാനുള്ള ഹലോ ഇംഗ്ലീഷ് പരിപാടിയും നടപ്പിലുണ്ട്.
കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ ഇംഗ്ലീഷ്  മലയാളം ഫയലുകള്‍ വിദ്യാലയത്തില്‍ കൈകാര്യം ചെയ്തതിനെ പറ്റിയും സ്വീകരിച്ച നടപടികളെപ്പറ്റിയും അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. എന്‍. കൃഷ്ണകുമാര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അജിത പി. എസ്, മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. എസ്. മുരളി, ഡി ഡി ഓഫീസ് അംഗം ബോസ് കുമാര്‍, വിവിധ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.