ഇടുക്കി: ജില്ലയിലെ കോടതി സമുച്ചയങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണത്തിലുള്ളതും പുതിയതായി നിര്‍മ്മിക്കേണ്ടതുമായ കോടതി സമുച്ചയങ്ങളുടെയും ക്വാര്‍ട്ടേസുകളുടേയും നിര്‍മ്മാണ പുരോഗതി ചര്‍ച്ച ചെയ്യുന്നതിന് ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ജഡ്ജി മുഹമ്മദ് വസിം യോഗത്തില്‍ അധ്യക്ഷനായി. എംഎല്‍എ മാരായ എം എം മണി, എ രാജ, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തൊടുപുഴ കോടതി സമുച്ചയത്തോട് അനുബന്ധിച്ചുള്ള റവന്യു വകുപ്പ് സ്ഥലം ജുഡിഷ്യല്‍ കോംപ്ലക്‌സിനായി അനുവദിക്കുന്നതിനും ജില്ലാ ആസ്ഥാനത്ത് കോടതി സാമുച്ചയത്തിന് സ്ഥലം അനുവദിക്കുന്നതിനും നടപടി ആരംഭിക്കണം. കട്ടപ്പന കോടതി സമുച്ചയത്തിലെ അനുബന്ധ കെട്ടിട നിര്‍മ്മാണം വേഗത്തിലാക്കണം. നെടുങ്കണ്ടം, പീരുമേട് കോടതി സമുച്ചയങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നതിനും, ദേവികുളം കോടതി സമുച്ചയ നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിക്കുന്നതിന് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കുന്നതിനും, അടിമാലി കോടതി സമുച്ചയത്തിന് കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി.