കോവിഡ് രോഗവ്യാപനത്തിനെതിരെ ‘വിമുക്തം’ പദ്ധതിയുമായി
ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

ഉള്ളിയേരി പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ കോവിഡ് വിമുക്ത പദ്ധതിയായ വിമുക്തത്തിന്റെ ലോഗോ പ്രകാശനവും പദ്ധതി പ്രഖ്യാപനവും അഡ്വ.കെ.എം. സച്ചിൻദേവ് എം.എൽ എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തി 2022 ജനുവരി മാസത്തോടെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിനെ കോവിഡ് മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് ലക്ഷ്യമിട്ടാണ് ‘വിമുക്തം’ എന്ന പേരിൽ പ്രത്യേക മാതൃകാപദ്ധതിക്ക് രൂപം നൽകിയത്. “പകരില്ലെനിക്ക് പകർത്തില്ല ഞാൻ ” എന്ന മുദ്രാവാക്യത്തെ ജനങ്ങളുടെ ജീവിതചര്യയാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. ഇത്തരമൊരു ബൃഹദ് പദ്ധതി ആവിഷ്ക്കരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്താണ് ഉള്ളിയേരി.

പഞ്ചായത്ത് പ്രസിഡണ്ട് ചെയർപേഴ്സണും ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ കൺവീനറായും പ്രവർത്തിക്കുന്ന പി.സി.സി. എന്നറിയപ്പെടുന്ന പഞ്ചായത്ത് തല സമിതിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. ഈ സമിതിയിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗങ്ങളാണ്.

വാർഡ് തലത്തിൽ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഒരു കർമ്മസമിതി പ്രവർത്തിക്കും. പഞ്ചായത്തിലെ 8500 ഓളം വീടുകളെ പത്തു വീതം വീടുകളുള്ള ചെറിയ യൂനിറ്റുകളാക്കിത്തിരിച്ച് ഒരു കൺവീനറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കും.  ആയിരത്തോളം വളണ്ടിയർമാരും ആയിരത്തോളം വിദ്യാർത്ഥി അംബാസിഡർമാരുമായിരിക്കും വിമുക്തം പദ്ധതിക്ക് നേതൃത്വം നൽകുക.

സമ്പൂർണ വാക്സിനേഷനും കോവിഡ് പരിശോധനയും പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ഭാഗമായി സന്നദ്ധ സേവർകർക്കുള്ള പരിശീലനം ഡോ.മുഹമ്മദ് അഷീലിന്റെ നേതൃത്വത്തിൽ നടന്നു കഴിഞ്ഞു. കോവിഡ് പ്രതിരോധത്തോടൊപ്പം ദീർഘകാലത്തേക്കുള്ള ആരോഗ്യശീലങ്ങൾ രൂപവൽക്കരിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. സോഷ്യൽ ബബിൾ എന്ന സങ്കല്പത്തിലൂന്നി, ഓരോ കുടുംബത്തെയും കോവിഡിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി ലഘുലേഖകൾ, നോട്ടീസുകൾ, പോസ്റ്ററുകൾ എന്നിവ പുറത്തിറക്കും.

രോഗവ്യാപന സാധ്യതയുള്ള എല്ലാ കൂടിച്ചേരലുകളും ഒഴിവാക്കുകയും ഡബിൾ മാസ്ക്, കൈകഴുകൽ എന്നിവ ശീലിപ്പിച്ച് ഓരോ കുടുംബത്തെയും സംരക്ഷിക്കുന്ന സൂക്ഷ്മതല ആസൂത്രണമാണ് നടത്തിയിട്ടുള്ളത്. ഡി.സി.സി കൾ ശക്തിപ്പെടുത്തി രോഗികളെ മാറ്റിപ്പാർപ്പിക്കൽ, പോസ്റ്റ് കോവിഡ് പരിചരണം, കച്ചവടക്കാർക്കുള്ള പ്രത്യേക പ്രതിരോധ പദ്ധതികൾ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ കെ.ടി. സുകുമാരൻ, കെ. ബീന, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഒള്ളൂർ ദാസൻ, ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ. ടികെ, സി.സി.സി കൺവീനർ ഡോ. കെ.രാമകൃഷ്ണൻ, കില റിസോഴ്‌സ് പേഴ്സൺ ഗണേശ് കക്കഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ എം ബാലരാമൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷെമീം ടി.കെ. നന്ദിയും പ്രകാശിപ്പിച്ചു.