പാലക്കാട്: ജില്ലയില്‍ കഞ്ചിക്കോട് മേഖലയിലടക്കം ഇതുവരെ 11000 അതിഥി തൊഴിലാളികള്‍ കോവിഡ് വാക്‌സിന്‍ എടുത്തതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കഞ്ചിക്കോട് മേഖലയില്‍ ഇതുവരെ 5051 അതിഥി തൊഴിലാളികളാണ് വാക്‌സിന്‍ എടുത്തിരിക്കുന്നത്.

ജില്ലയില്‍ 16000 അതിഥി തൊഴിലാളികള്‍ ആണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 11,000 പേര്‍ വാക്‌സിന്‍ എടുത്തു. തൊഴിലുടമ മുഖേനയും ആരോഗ്യപ്രവര്‍ത്തകര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ സഹായത്തോടെയുമാണ് തൊഴിലാളികളെ വാക്‌സിന്‍ എടുക്കുന്നത്.  വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്ക് ബോധവത്ക്കരണവും  നല്‍കുന്നുണ്ട്.

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ആരംഭിച്ച അതിഥി തൊഴിലാളികളുടെ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, അസി.കലക്ടര്‍ അശ്വതി ശ്രീനിവാസ് എന്നിവര്‍ സന്ദര്‍ശിച്ചു. വാക്‌സിന്റെ  ലഭ്യത അനുസരിച്ച് എല്ലാ തൊഴിലാളികള്‍ക്കും വാക്‌സിന്‍ ലഭ്യമാകുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.