2021ലെ സഹകരണ വാരാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ തീരുമാനം. സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന ആലോചനായോഗത്തിലാണ് വിപുലമായ പരിപാടികളോടെ ഇത്തവണത്തെ വാരാഘോഷം നടത്താൻ തീരുമാനിച്ചത്.
നവംബർ 14 മുതൽ 20 വരെയാണ് വാരാഘോഷം. സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിലാകും പരിപാടികൾ. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും പരിപാടികൾ. സംസ്ഥാന, ജില്ല, താലൂക്ക് തലത്തിലായിരിക്കും ആഘോഷം സംഘടിപ്പിക്കുക.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ എന്നിവ സംഘടിപ്പിക്കും. അന്താരാഷ്ട്ര തലത്തിലെ വിദഗ്ദ്ധർ പരിപാടികളിൽ പങ്കെടുക്കും. സഹകരണ രംഗത്തെ വെല്ലുവിളികളെ കുറിച്ചും ചർച്ച ചെയ്യും. പ്രതിരോധ നടപടികൾ ആവിഷ്‌കരിക്കുന്നതിനുള്ള വിപുലമായ ആലോചനകളും വാരാഘോഷത്തിലുണ്ടാകും. 14 ന് തിരുവനന്തപുരത്തായിരിക്കും സംസ്ഥാനതല ഉദ്ഘാടനം. 20 ന് കോഴിക്കോട് സമാപന യോഗം നടത്താനാണ് തീരുമാനം.
സംസ്ഥാനത്തെ സഹകാരികൾക്കും പൊതുജനങ്ങൾക്കും പങ്കാളിത്തം ലഭിക്കുന്ന വിധത്തിലായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ പി.ബി. നൂഹു എന്നിവർ ആലോചനാ യോഗത്തിൽ പങ്കെടുത്തു.