തിരുവനന്തപുരം : മുന്‍ഗണനാ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ പരിഗണിച്ച് ഒരു ലക്ഷത്തിലധികം പേര്‍ക്ക് നവംബര്‍ ഒന്നിന് മുമ്പ് പിങ്ക് കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. പ്രതിമാസ ഫോണ്‍ഇന്‍ പരിപാടിയിലെ പരാതികള്‍ പരിശോധിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മുന്‍ഗണനാ കാര്‍ഡ് ലഭ്യമാക്കണമെന്ന നിരവധി അപേക്ഷകള്‍ ഇപ്പോഴും വരുന്നുണ്ട്. ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ചികിത്സാനുകൂല്യം ലഭ്യമാക്കുന്നതിനുള്‍പ്പെടെ സഹായകരമാകുന്നതിന് 11230 പേര്‍ക്ക് എ. എ. വൈ കാര്‍ഡുകള്‍ നല്‍കിയതായി മന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് നാലുചക്ര വാഹനം സ്വന്തമായുള്ളതിന്റെ പേരില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നിഷേധിക്കില്ല. ഇത്തരക്കാര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നു. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം ഉണ്ടായിരുന്നതിന്റെ പേരില്‍ പിഴ ഈടാക്കാനുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കാനും തീരുമാനിച്ചു. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വച്ചിട്ടുള്ളവര്‍ അത് സറണ്ടര്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഫോണ്‍ ഇന്‍ പരിപാടിയിലൂടെ ജനങ്ങളില്‍ അവബോധം വര്‍ധിച്ചിട്ടുണ്ടെന്നും അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കുറിച്ച് പരാതി ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് 9495998223 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാം. പരാതിക്കാരുടെ പേരും മറ്റു വിവരങ്ങളും രഹസ്യമായിരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. താലൂക്ക് സപ്ളൈ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും രേഖാമൂലം മറുപടി നല്‍കാന്‍ നടപടി സ്വീകരിക്കും. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ കടകളില്‍ പരിശോധന നടത്തുന്നതിന് സെപ്റ്റംബര്‍ 15 മുതല്‍ പുതുക്കിയ പരിശോധനാക്രമം നിലവില്‍ വരും.

വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റേഷന്‍ കടകളില്‍ വെള്ള അരിക്ക് പകരം കുത്തരി ലഭ്യമാക്കണമെന്ന് കഴിഞ്ഞ മാസം ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതി ലഭിച്ചിരുന്നു. ഇത് പരിഗണിച്ച് ഇവിടങ്ങളില്‍ കുത്തരി ലഭ്യമാക്കിയതായി മന്ത്രി അറിയിച്ചു. ഇതില്‍ മന്ത്രിയെ അഭിനന്ദിച്ച് ജനങ്ങള്‍ അയച്ച നിരവധി കത്തുകളും ലഭിച്ചു.