ഇടുക്കി :മൃഗസമ്പത്ത് വര്‍ദ്ധിപ്പിയ്ക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിന് പലിശയിളവുമായി മൃഗസംരക്ഷണ വകുപ്പ്. 2017-2018 മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുത്തിട്ടുളളവരും കുടിശ്ശികകളില്ലാതെ കൃത്യമായി തിരിച്ചടവ് നടത്തുന്നവരെയുമാണ് ഇതിനായി പരിഗണിയ്ക്കുക. 2021-22 വര്‍ഷത്തില്‍ വായ്പ തിരിച്ചടവ് പൂര്‍ത്തിയായവരും ഒന്നോ രണ്ടോ കുടിശ്ശികകള്‍ മാത്രം ഉളളവരെയും പരിഗണിയ്ക്കും. മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരെയും സംരഭകരെയും ഫാമുടമകളെയും പ്രോല്‍സാഹിപ്പിയ്ക്കുന്നതിനും വായ്പകളുടെ ഭാഗമായ പലിശയടവിന് സഹായം നല്‍കുന്നതിനും പരമ്പരാഗത കര്‍ഷകരെ മൃഗസംരക്ഷണ രംഗത്ത് നിലനിര്‍ത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ദേശസാല്‍കൃത/പബ്ലിക് സെക്ടര്‍/ ഗ്രാമവികസനം/സഹകരണ ബാങ്കുകള്‍/പൊതുമേഖലാ സ്ഥാപനങ്ങളായ കേരളാ സ്റ്റേറ്റ് ബാക്ക് വാര്‍ഡ് ക്ലാസ്സസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, വനിത വികസന കോര്‍പ്പറേഷന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ എന്നി സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തിട്ടുളളവരെയാണ് പരിഗണിയ്ക്കുന്നത്. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും ഇതിനായി അപേക്ഷിക്കാം. പട്ടികജാതി വിഭാഗം, വിധവ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, വനിത, പൊതുവിഭാഗം എന്നിങ്ങനെയായിരിക്കും മുന്‍ഗണനാക്രമം. പദ്ധതിപ്രകാരം ഒരു കര്‍ഷകന് / സംരഭകന്/സംഘാംഗത്തിന് ഒടുക്കിയിട്ടുള്ള പലിശയിന്മേല്‍ പരമാവധി 5000/ രൂപ എന്ന കണക്കില്‍ ബാങ്ക് അക്കൌണ്ടിലേക്ക് ധനസഹായം ലഭിക്കും. ആനുകൂല്യം ലഭിക്കേണ്ടവര്‍ നിശ്ചിത ഫോമിലുള്ള അപേക്ഷ പൂരിപ്പിച്ച് ഈ മാസം എട്ടിനകം അതാത് മൃഗാശുപത്രികളില്‍ ബാങ്ക് അക്കൗണ്ട് പലിശ തിരിച്ചടവ് എന്നിവ സംബന്ധിച്ച ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജയാ ചാണ്ടി, പബ്‌ളിക് റിലേഷന്‍ ഓഫീസര്‍ ഡോ.ബിജു.ജെ.ചെമ്പരത്തി എന്നിവര്‍ അറിയിച്ചു. അപേക്ഷാ ഫോമുകള്‍ അതാത് മൃഗാശുപത്രികളില്‍ ലഭ്യമാണ്. ജില്ലയില്‍ ആകെ നൂറ്റിയന്‍പത് കര്‍ഷകര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുക.
