ഇടുക്കി : തൊടുപുഴ മുട്ടം ജില്ലാ കോടതിയോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന കുടുംബ കോടതി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സുനില്‍ തോമസ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മറ്റ് കോടതികളില്‍ നിന്നും വ്യത്യസ്തമായി കുടുംബ ബന്ധങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളാണ് ഇവിടെ പരിഹരിക്കപ്പെടുന്നത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ കുടുംബ കോടതികള്‍ക്ക് പ്രത്യേക പ്രാധാന്യവും സ്ഥാനവുമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് കോടതി സമുച്ചയത്തില്‍ നിന്നും മാറി സ്വതന്ത്രമായ കെട്ടിടത്തില്‍ കുടുംബ കോടതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ജസ്റ്റിസ് സുനില്‍ തോമസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാലതാമസം വരുത്താതെ കുടുംബ കോടതി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എം.പി. ഡീന്‍ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. പി.ജെ. ജോസഫ് എംഎല്‍എ മുഖ്യാതിഥിയായി. പിഡബ്ല്യൂഡി എറണാകുളം സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനിയര്‍ സുജറാണി ടി.എസ്. പ്രൊജക്ട് വിശദീകരിച്ചു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ: ജോസഫ് ജോണ്‍ സംസാരിച്ചു. ജില്ലാ ജഡ്ജി മുഹമ്മദ് വസീം സ്വാഗതവും തൊടുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ:ജോസ് മാത്യു നന്ദി പറഞ്ഞു.
ആറ് കോടിയോളം രൂപാ ചിലവഴിച്ച് രണ്ട് നിലകളിലായി 29482 നടുത്ത് സ്‌ക്വയര്‍ ഫീറ്റ് വലിപ്പത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. 2005 മുതല്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ കോടതി പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടേക്ക് മാറ്റും. അടിസ്ഥാന പരമായ സൗകര്യങ്ങള്‍, അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും ഇരിക്കുന്നതിനും കേസ് സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ടാവും.