സോളാർ വൈദ്യുതിയിലേക്ക് മാറുന്നതോടെ കുടുംബ ബജറ്റുകളിൽ വലിയ തുക ലാഭിക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി പറഞ്ഞു. സംസ്ഥാന വൈദ്യുതി ബോര്ഡിന്റെ സൗര പദ്ധതി ഒന്നാം ഘട്ടത്തില് ഉള്പ്പെടുത്തി ചിറ്റൂര് അമ്പാട്ട് പാളയം ഗവ. ഹയര് സെക്കന്ററി സ്‌കൂളില് സ്ഥാപിച്ച 46 കിലോവാട്ട് സോളാര് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വീടുകളിലെ വൈദ്യുതി ഉപയോഗം, പാചകം, വാഹന ചാർജ്ജിങ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് സോളാർ പദ്ധതി സഹായകമാവും. ഒരു ലക്ഷം സോളാർ പദ്ധതികൾ ‘സൗര’ പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത മാർച്ചിനകം അനുവദിക്കാനാണ് തീരുമാനം. സോളാറിൽ ഹൈബ്രീഡ് സങ്കേതിക വിദ്യകൂടി പ്രയോജനപ്പെടുത്തും. ഇതിനോടൊപ്പം കാറ്റിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തുമ്പോൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായകമാവും.
സോളാർ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ചിറ്റൂർ എംപ്ലോയബിലിറ്റി സെന്ററുമായി ചേർന്ന് ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുമെന്നും കർഷകർ സോളാർ വൈദ്യുതി പ്രയോജനപ്പെടുത്തിയാൽ അധിക വരുമാനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിലേക്കുള്ള സോളാര് പ്ലാന്റ് ഉടമ്പടി കൈമാറ്റവും മന്ത്രി നിർവഹിച്ചു.
സൗര പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉള്പ്പെടുത്തി മോഡല് 1 ൽ ഉള്ള 46 കിലോവാട്ട് സോളാര് പ്ലാന്റാണ് ചിറ്റൂരില് സ്ഥാപിച്ചിട്ടുള്ളത്. 19,50,571 രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. പ്ലാന്റില് നിന്നും ഒരു മാസം ശരാശരി 5520 യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിക്കാന് ലക്ഷ്യമിടുന്നത്. ഇതിന്റെ 10 ശതമാനം ഏകദേശം 552 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉപഭോക്താവിന് സൗജന്യമായി ലഭിക്കും. പരിപാടിയില് ചിറ്റൂര്– തത്തമംഗമലം നഗരസഭാ ചെയര്പേഴ്‌സണ് കെ.എല് കവിത അധ്യക്ഷയായി. കെ.എസ്.ഇ. ബി.എൽ പ്രോജക്ട് മാനേജറും എക്സിക്യൂട്ടീവ് എൻജിനീയറുമായ കെ. അയ്യൂബ്, ചിറ്റൂര് ഇലക്ട്രിക്കല് ഡിവിഷന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര് കെ.സുചിത്ര, ചിറ്റൂര് ജി.എച്ച് എസ്.എസ് പ്രിന്സിപ്പല് വി.ഗീത, പ്രധാന അധ്യാപിക രമേശ്വരി, മറ്റ് ഉദ്യോഗസ്ഥര്, അധ്യാപകര് തുടങ്ങിയവര് പങ്കെടുത്തു. തുടർന്ന് എസ്. എസ്.എൽ. സി, പ്ലസ് ടു, വി. എച്ച്. എസ്. സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികളെ യോഗത്തിൽ ആദരിച്ചു.