സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടാവുന്ന ബാധ്യതയ്ക്ക് പരിഹാരമായാണ് സർക്കാർ സൗരോർജ വൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പൊല്‍പ്പുള്ളി പി.ജി പി.എച്ച്.എസ് സ്‌കൂളില്‍ സ്ഥാപിച്ച 12 കിലോവാട്ട് സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബങ്ങളിലെ വരുമാനവും ചെലവും പൊരുത്തപെടാത്ത അവസ്ഥയ്ക്ക് പരിഹാരം കൂടിയാണ് വീടുകളിൽ സോളാർ വൈദ്യുതി ഉപയോഗപ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി.
സൗര പദ്ധതിയിൽ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി മോഡല്‍ 1 ലുള്ള 12 കിലോവാട്ട് സോളാര്‍ പ്ലാന്റാണ് പൊല്‍പ്പുള്ളിയില്‍ സ്ഥാപിച്ചിട്ടുള്ളത്. 5,08,845 രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പ്ലാന്റില്‍ നിന്നും ഒരു മാസം ശരാശരി 1440 യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ 10 ശതമാനം ഏകദേശം 144 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉപഭോക്താവിന് സൗജന്യമായി ലഭിക്കും. ടാറ്റാ പവര്‍ സോളാര്‍ കമ്പനിയാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. ഓഗസ്റ്റ് 31 നകം പ്ലാന്റിന്റെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കി പരീക്ഷണാര്‍ത്ഥത്തിലുള്ള വൈദ്യുതി ഉത്പാദനം ആരംഭിച്ചു. പരിപാടിയില്‍ പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാല ഗംഗാധരന്‍, വാർഡ് അംഗം വനജ, കെ.എസ്.ഇ. ബി.എല്‍ സൗര നോര്‍ത്ത് ഡിവിഷന്‍ പ്രൊജക്ട് മാനേജറും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ കെ.അയൂബ്, ചിറ്റൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.സുചിത്ര, പൊല്‍പ്പുള്ളി പി.ജി പി.എച്ച്.എസ് പ്രിന്‍സിപ്പല്‍ ഐ.സഹീദ, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ പങ്കെടുത്തു.