കോട്ടയം: കോഴായിലെ ജില്ലാ കൃഷിത്തോട്ടം ഫാം ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ജില്ലാ കൃഷിത്തോട്ടത്തിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ സമര്‍പ്പണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിഞ്ചു സ്ഥലം പോലും നഷ്ടപ്പെടുത്താതെ മാതൃകാപരമായ രീതിയില്‍ കൃഷി ചെയ്യുന്നതിനൊപ്പം ആളുകള്‍ക്ക് ഇവിടെ താമസിച്ച് കൃഷി രീതികള്‍ പരിചയപ്പെടാനും കാര്‍ഷിക പ്രവൃത്തികളില്‍ പങ്കുചേരാനും അവസമൊരുക്കുന്ന നൂതന സംവിധാനമാണ് പരിഗണനയിലുള്ളത്. ഇത് കോഴ ഫാമിന്റെ വിപുല വികസനത്തിന് വഴിയൊരുക്കും.

കാര്‍ഷിക മേഖലയില്‍ ഏറെ പ്രധാനമായ ഈ കേന്ദ്രത്തെ മറ്റൊരു രീതിയിലേക്കും പരിവര്‍ത്തനം ചെയ്യാനാവില്ല. അതുകൊണ്ടുതന്നയാണ് ഇവിടെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്.

വരുമാന വര്‍ധനവ് ഉറപ്പാക്കുന്നതിനും കൃഷികൊണ്ട് അന്തസ്സായ ജീവിതം നയിക്കാന്‍ കഴിയുമെന്ന ബോധ്യം കര്‍ഷകരില്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ അത് സാധ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതോടൊപ്പം സമൂഹത്തിന്റെ പിന്തുണയും കര്‍ഷകര്‍ക്കുണ്ടാകണം.

സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 25 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരം നൂറു സംവിധാനങ്ങള്‍ യാഥാര്‍ത്ഥ്യമാകും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിച്ച് സംസ്‌ക്കരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണം നടത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്-മന്ത്രി പറഞ്ഞു.

മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളില്‍ സഹകരണ വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണയും സഹകരണവുമുണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

വിദേശ ഫലവൃക്ഷത്തൈകളുടെ മാതൃകാ തോട്ടത്തിലെ നടീല്‍ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു.

മോന്‍സ് ജോസഫ് എം.എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, വൈസ് പ്രസിഡന്റ് ടി.എസ് ശരത്ത്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു സുജിത്ത്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോള്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി.കുര്യന്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തംഗം സന്ധ്യ സജികുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന ജോര്‍ജ്ജ്, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. സുമേഷ് കുമാര്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഉമ്മന്‍ തോമസ്, കൃഷി ജോയിന്റ് ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ റീന ജോണ്‍, ജില്ലാ കൃഷിത്തോട്ടം ഫാം സൂപ്രണ്ട് ഗീത അലക്‌സാണ്ടര്‍ വാവോലിക്കല്‍, മുതിര്‍ന്ന കര്‍ഷക തൊഴിലാളി ജോണ്‍ പോള്‍, തൊഴിലാളി സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.