തിരുവനന്തപുരം: ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും നാല് എലിപ്പനി മരണങ്ങൾ നടന്നതിനാലും പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഈ മാസം 14 വരെ എലിപ്പനി പ്രതിരോധ ദ്വൈവാരാചരണം നടത്തുമെന്ന് ഡി.എം.ഒ. ഡോ. കെ.എസ്. ഷിനു അറിയിച്ചു.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജോലിചെയ്യുന്നവർ, തൊഴിലുറപ്പ്, ശുചീകരണ തൊഴിലാളികൾ, മൃഗങ്ങളെ പരിപാലിക്കുന്നവർ തുടങ്ങി എലിപ്പനി രോഗസാധ്യത കൂടുതലുള്ളവർ ജാഗ്രത പാലിക്കുകയും രോഗ പ്രതിരോധത്തിനായി ഡോക്ടറുടെ നിർദേശപ്രകാരം ആഴ്ചയിലൊരിക്കൽ ആഹാരത്തിനു ശേഷം 200 മില്ലി ഗ്രാം ഡോക്‌സിസൈക്ലിൻ ഗുളിക ആറു മുതൽ എട്ട് ആഴ്ച വരെ കഴിക്കുകയും വേണം.

പ്രതിരോധ ദ്വൈവാരാചരണത്തിന്റെ ഭാഗമായി, എലിപ്പനി മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മലയിൻകീഴ് താലൂക്ക് ആശുപത്രി പരിധിയിൽ വരുന്ന വാർഡിലെ ഗോവിന്ദമംഗലം സാംസ്‌കാരിക നിലയത്തിൽ ബോധവത്ക്കരണവും ഡോക്‌സിസൈക്ലിൻ മരുന്നു വിതരണവും സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ മീഡിയ ഓഫിസർ ബി. പമേല, ടെക്നിക്കൽ അസിസ്റ്റന്റ് ടി.വി. അഭയൻ എന്നിവർ ക്ലാസെടുത്തു.

വാർഡ് മെമ്പർ ബി. ഗിരീശൻ, വിളപ്പിൽ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എലിസബത്ത് ചീരാൻ, മലയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ഷീജ, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ എൻ.പി. പ്രശാന്ത്, എസ്. രശ്മി എന്നിവർ പങ്കെടുത്തു.