ഇടുക്കി: കോവിഡ് പ്രതിരോധ ബോധവത്ക്കരണ പരിപാടിയായ ‘ബി ദ വാരിയര്‍’ ക്യാമ്പയിന്‍ ഇടുക്കി ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ക്യാമ്പയിന്റെ ലോഗോ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമിക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് ഈ പ്രചരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണെന്ന് പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തി കോവിഡില്‍ നിന്ന് കേരളത്തെ വിമുക്തമാക്കുവാന്‍ പരിപാടി ലക്ഷ്യമിടുന്നു. നിലവില്‍ തുടരുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങളായ മാസ്‌ക്ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം പാലിക്കല്‍ എന്നിവയോടൊപ്പം കോവിഡ് പ്രതിരോധ കുത്തിവയ്പ് കഴിയുന്നതും വേഗം എടുക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുവാനും ഈ പരിപാടി ലക്ഷ്യം വയ്ക്കുന്നു. കോവിഡിനെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണം.

റിവേഴ്സ് ക്വാറന്റൈന്‍ പ്രാവര്‍ത്തികമാക്കി പ്രായമായവര്‍, കിടപ്പു രോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി രോഗവ്യാപനം തടയുവാനുമാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. സുരേഷ് വര്‍ഗ്ഗീസ്, ഡി.പി.എം ഡോ.സുജിത് സുകുമാരന്‍, ജില്ലാ മാസ്സ് മീഡിയാ ഓഫീസര്‍ ആര്‍. അനില്‍കുമാര്‍, ഡെപ്യൂട്ടി മാസ്സ് മീഡിയാ ഓഫീസര്‍മാരായ ജോസ് അഗസ്റ്റിന്‍ പി, ജോസ് അഗസ്റ്റിന്‍ ടി, ജൂനിയർ കൺസൾട്ടന്റ് ജിജില്‍ മാത്യു, തുടങ്ങിയവര്‍ പങ്കെടുത്തു.