ഇടുക്കി: ഇക്കോ ലോഡ്ജുകള്‍ നവംബര്‍ ഒന്നിന് തുറന്ന് പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള നിര്‍മാണമാണ് നടക്കുന്നതെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ . ഇടുക്കി ഇക്കോ ഹട്‌സില്‍ വിവിധ ടൂറിസം പദ്ധതികളുടെ നിര്‍മാണ പുരോഗതി അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ബാക്കി പദ്ധതികളുടെ നിര്‍മാണവും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ഡാമിന്റെ സമീപം വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ ഇക്കോ ഹട്‌സ്, കുടിയേറ്റ സ്മാരകം നിര്‍മാണ പുരോഗതി, കെടിഡിസിയുടെ യാത്രി നിവാസ് എന്നിവയുടെ പുരോഗതിയാണ് യോഗത്തില്‍ വിലയിരുത്തിയത്.
യോഗത്തില്‍ ടൂറിസം ഡിഡി ബേബി ഷീജ, ഡിടിപിസി സെക്രട്ടറി ഗിരീഷ് പി എസ്, തുടങ്ങി വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍ പങ്കെടുത്തു.