കോഴിക്കോട് താലൂക്കില്‍ 48 മണിക്കൂര്‍ നേരത്തേക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു

നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോടിന്റെ സമീപ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് താലൂക്കില്‍ രണ്ടു ദിവസത്തേക്ക് വാക്‌സിനേഷന്‍ നിര്‍ത്തിവെക്കും. പനിയോ അനുബന്ധ ലക്ഷണങ്ങളോ ഉള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം പരിശോധന നടത്താമെന്നും മന്ത്രി അറിയിച്ചു.

ജില്ലയില്‍ തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചിട്ടില്ല. നിപ മൂലം മരണപ്പെട്ട കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 251 പേരെ ഉള്‍പ്പെടുത്തി. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 54 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ടവരാണ്. ഇതില്‍ 30 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗം സംശയിക്കപ്പെടുന്നവര്‍ 38 പേരാണ്. ഇതില്‍ 11 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. തിങ്കളാഴ്ച 8 സാംപിളുകള്‍ പരിശോധനക്കയച്ചു.

ആദ്യത്തെ സാംപിളുകളുടെ ഫലം തിങ്കളാഴ്ച അര്‍ധരാത്രിയോടെ ലഭിക്കും.

തിങ്കളാഴ്ച ഉച്ചയോടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ ജില്ലയിലെത്തുകയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സാംപിള്‍ പരിശോധനക്കുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു. ചൊവ്വാഴ്ച ലാബ് സജ്ജീകരണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. പോയന്റ് ഓഫ് കെയര്‍ , ആര്‍ടിപിസിആര്‍ പരിശോധനകള്‍ ലാബില്‍ നടത്താന്‍ സാധിക്കും. ഇവിടെ നടത്തുന്ന പരിശോധനകളുടെ സാംപിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും അയക്കുമെന്നും മന്ത്രി പറഞ്ഞു. ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ ബുധനാഴ്ച ജില്ലയിലെത്തും.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ മെഡിക്കല്‍ ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മരണപ്പെട്ട കുട്ടിയുടെ വീട്ടു പരിസരത്ത് പരിശോധന നടത്തി. വീട്ടിലെ റമ്പൂട്ടാന്‍ മരങ്ങളില്‍നിന്ന് സാംപിള്‍ ശേഖരിച്ചു. വീട്ടില്‍ വളര്‍ത്തുന്ന ആടുകളുടെ രക്തവും വായില്‍നിന്നുള്ള സ്രവവും പരിശോധനക്ക് എടുത്തു.

ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, സിഡിപിഒ മാര്‍,ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ പരിശീലനം നല്‍കി. രോഗപ്രതിരോധം, നിരീക്ഷണം, റെഫറല്‍, ബോധവല്‍ക്കരണം എന്നിവയില്‍ നടത്തിയ പരിശീലനത്തില്‍ 317 ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. നിപ ബാധിത പ്രദേശത്ത് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരുമായി നിപ പ്രതിരോധം സംബന്ധിച്ച് ഓണ്‍ലൈന്‍ യോഗം വിളിച്ചു ചേര്‍ത്തു. സമീപജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് തിങ്കളാഴ്ച വൈകീട്ട് അവലോകന യോഗം നടത്തിയത്.

നിപ സ്ഥിരീകരിച്ച പ്രദേശത്ത് പരിശീലനം സിദ്ധിച്ച ടീമുകള്‍ ഗൃഹസന്ദര്‍ശനം നടത്തി ലക്ഷണങ്ങളടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. 25 വീടുകള്‍ക്ക് ഒരു ടീം എന്ന രീതിയിലാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.

ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടെന്നും ജാഗ്രതയാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്നും മന്ത്രി അറിയിച്ചു. സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ചെയ്ത് നമുക്ക് നിപ്പക്കെതിരെയും പ്രതിരോധം തീര്‍ക്കാം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. അസുഖം ബാധിച്ചവരെ ചികില്‍സിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗിയുമായി ഒരു മീറ്റര്‍ അകലം പാലിക്കണം. രോഗി ഉപയോഗിച്ച വസ്തുക്കള്‍ പ്രത്യേകം മാറ്റി നിര്‍മാര്‍ജ്ജനം ചെയ്യണം . രോഗലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ഓരോരുത്തരും സുരക്ഷിതരാകണമെന്നും മന്ത്രി പറഞ്ഞു.

നിപ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുന്നതിനും കൈമാറുന്നതിനും ഇ ഹെല്‍ത്ത് സോഫ്റ്റ് വെയര്‍ രൂപീകരിച്ചു. ഡാറ്റ അപ്‌ഡേഷനും മോണിറ്ററിങ്ങും റിയല്‍ ടൈമില്‍ നടത്തുകയാണ് ലക്ഷ്യം.

കുട്ടിയുമായി അടുത്തിടപഴകിയ ആരോഗ്യപ്രവര്‍ത്തകരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്‍ട്രോള്‍ റൂമില്‍നിന്നും വിളിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിക്കുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്യുന്നുണ്ട്.

ഐസിഎംആര്‍ വഴി ആസ്‌ട്രേലിയയില്‍നിന്ന് മോണോക്ലോണല്‍ ആന്റിബോഡി ലഭ്യമാക്കുന്നതിന് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.റംല ബീവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.പി.ശ്രീജയന്‍, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.ആര്‍.വിദ്യ തുടങ്ങിയവര്‍ പങ്കെടുത്തു.