മലപ്പുറം: മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജില്‍ പോളിടെക്‌നിക്ക് ത്രിവല്‍സര ഡിപ്ലോമ കോഴ്‌സില്‍ ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള അപേക്ഷകര്‍ രക്ഷാകര്‍ത്താവിനോടൊപ്പം സെപ്തംബര്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ രാവിലെ 9.30 നും വൈകീട്ട് 3.30 നും ഇടയില്‍ കോളജ് ഓഫീസില്‍ മതിയായ ഫീസ് അടച്ച് പ്രവേശനം നേടണം.

അലോട്ട്‌മെന്റ് സ്ലിപ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാനുകൂല്യത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസാനുകൂല്യത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സി.സി എന്നിവ സഹിതമാണ് ഹാജരാകേണ്ടത്. ഫീസാനുകൂല്യമുള്ളവര്‍ 1,000 രൂപയും അല്ലാത്തവര്‍ 3,780 രൂപയും എ.ടി.എം. കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം. പി.ടി.എ.ഫണ്ട് 2,000 രൂപ പണമായി അടക്കണം.

പട്ടികജാതി പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്കും വാര്‍ഷികവരുമാനം ഒരു ലക്ഷം വരെയുള്ള എല്ലാവര്‍ക്കും ഫീസാനുകൂല്യം ലഭിക്കും. ഒറിജിനല്‍ ആധാര്‍ കാര്‍ഡും അതിന്റെ കോപ്പിയും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633075101, 9946965393.