വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കനിവ് പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് രോഗികള്‍ക്കായി സജ്ജമാക്കിയ സെക്കണ്ടറി പാലീയേറ്റിവ് കെയര്‍ യൂണിറ്റ് ഒ. ആര്. കേളു എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അദ്ധ്യക്ഷത വഹിച്ചു.
ദീര്‍ഘകാല ചികിത്സ വേണ്ടവര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ക്കുള്ള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമുകള്‍ എല്ലാ പഞ്ചായത്തുകളിലും വര്‍ഷങ്ങളായി നടന്നുവരുന്നുണ്ടെങ്കിലും കിടത്തിച്ചികിത്സ ഉള്‍പ്പെടെ കൂടുതല്‍ പരിചരണവും ശ്രദ്ധയും ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണ് സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ഒരുക്കിയത്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഞ്ച് പഞ്ചായത്തുകളിലായി 355 – ഓളം രോഗികളാണ് നിലവില്‍ സെക്കന്‍ഡറി പാലിയേറ്റീവ് കെയറിന്റെ ഗുണഭോക്താക്കള്‍. പ്രധാനമായും കിഡ്നി സംബന്ധമായ അസുഖം ഉള്ളവര്‍,ഡയാലിസിസ് രോഗികള്‍, അവയവങ്ങള്‍ മാറ്റിവെച്ചവര്‍ , പക്ഷാഘാതം സംഭവിച്ചവര്‍, നട്ടെല്ലിനു ക്ഷതം സംഭവിച്ചവര്‍ എന്നിവര്‍ക്കുള്ള മരുന്നും ഉപകരണങ്ങളും ഈ പ്രോഗ്രാം മുഖേന നല്കി വരുന്നു.
ഫിസിയോതെറാപ്പിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 150 ഓളം രോഗികള്‍ക്ക് വീടുകളിലെത്തി ഫിസിയോ തെറാപ്പി സൗകര്യവും നല്‍കുന്നുണ്ട്. ആരോഗ്യകേരളം വഴി നിയമിതരായ ആറ് ജീവനക്കാര്‍ ഇതില്‍ സേവനംചെയ്യുന്നു. ആഴ്ചയിലൊരിക്കല്‍ ഒ.പി സേവനവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗികള്‍ക്കായി നടത്തുന്നു. നിലവില്‍ പേരിയ, പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് സെക്കന്ററി പാലിയേറ്റീവ് യൂണിറ്റുകള്‍ ഏകോപിപ്പിക്കുന്നത്. നല്ലൂര്‍നാട് ക്യാന്‍സര്‍ ഹോസ്പിറ്റലിനോടനുബന്ധിച്ച് പുതിയ ഹോംകെയര്‍, ഒ.പി സംവിധാനം ആരംഭിക്കുന്നതോടെ ആവശ്യക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉപകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വിലയിരുത്തുന്നു. .
ചടങ്ങില്‍ വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി കല്യാണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ വി വിജോള്‍, ജോയ്സി ഷാജു, അംഗങ്ങളായ പി.ചന്ദ്രന്, പി.കെ അമീന്, ഇന്ദിര പ്രേമചന്ദ്രന്, അസീസ് വാളാട്, വി ബാലന്, ബി എം വിമല, രമ്യ താരേഷ്, സല്‍മ കാസ്മി, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ പി ഷംസുദീന്‍ വയനാട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് ഡോ.എ. പി ദിനേശ്കുമാര്‍ ,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി പി ബാലചന്ദ്രന്, പേരിയ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ നീതു ചന്ദ്രന്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.