അവണൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷി മേഖലയില്‍ പുത്തനുണര്‍വ് പകര്‍ന്നു പെരിഞ്ചിറ പദ്ധതി. നിരന്തരമായ ആവശ്യങ്ങളിലൊന്നായിരുന്ന ഈ പദ്ധതി പൂര്‍ത്തീകരിച്ചതോടെ പൂവണിയാന്‍ പോകുന്നത് കര്‍ഷകരുടെ സ്വപ്നം. പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള അവണൂര്‍ പഞ്ചായത്തിലെ പെരിഞ്ചിറ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെയാണു കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ് കൈവന്നിരിക്കുന്നത്. പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്തും അവണൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിക്കായി 10 ലക്ഷം രൂപയാണു ചെലവഴിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ലൈജു. സി. എടക്കളത്തൂര്‍ നിര്‍വഹിച്ചു. അവണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വിജയ ബാബു രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ആര്‍. സുരേഷ്ബാബു, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.വി. കുരിയാക്കോസ്, ബ്ളോക്ക് പഞ്ചായത്ത് അംഗം അഡ്വ. സോളി ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ജി. ദിലീപ് കുമാര്‍, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍. രഘുനന്ദനന്‍, ഗ്രമപഞ്ചായത്തംഗം പി.കെ. പാര്‍വതി, വരടിയം സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് എന്‍. വിനോദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
