ഉത്തരവാദിത്വ നിക്ഷേപം, ഉത്തരവാദിത്വ വ്യവസായം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി ജില്ലയില്‍ സംഘടിപ്പിച്ചമീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളില്‍ എന്തെങ്കിലും പോരായ്മകളുണ്ടോ എന്ന് പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മേഖയിലെ ഏതെങ്കിലും ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് അഭിപ്രായമുള്ളവര്‍ക്ക് അക്കാര്യം സമിതി മുമ്പാകെ സമര്‍പ്പിക്കാം. സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് സുപ്രധാന നിയമനിര്‍മാണങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തുകയുണ്ടായി. അത് വലിയ മാറ്റങ്ങളാണ് ഈ രംഗത്തുണ്ടാക്കിയത്. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 3247 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സംസ്ഥാനത്ത് പുതിയതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇവയിലൂടെ 373 കോടി രൂപയുടെ പുതിയ നിക്ഷേപവും 13209 തൊഴിലവസരവും സംസ്ഥാനത്തുണ്ടായി. ഇതൊരു നല്ല അന്തരീക്ഷത്തിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

ഏത് തീരുമാനവും ഉത്തരവുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം. അതേസമയം, നിയമങ്ങളും ചട്ടങ്ങളും അനുകൂലമാണെങ്കില്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് വ്യവസായ സംരംഭങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത് അംഗീകരിക്കാനാവില്ല. സേവനങ്ങള്‍ക്ക് പണം വാങ്ങുന്നത് മാത്രമല്ല, ന്യായമായ സേവനങ്ങള്‍ നല്‍കാതിരിക്കുന്നതും അഴിമതിയാണെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോഴാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇത്തരം അദാലത്തുകള്‍ സംഘടിപ്പിക്കേണ്ടിവരുന്നത്. ആറ് ജില്ലകളില്‍ ഇതിനകം സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ പരാതികള്‍ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ടവയാണ്. പുതിയ വ്യവസായ നിയമങ്ങളെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്കുള്ള ധാരണക്കുറവായിരുന്നു പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിനായി പഞ്ചായത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന് ഇതേക്കുറിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. അതിനു ശേഷം നല്ല മാറ്റങ്ങളുണ്ടായിട്ടുണ്ട്.
പരാതി പരിഹാര നടപടികള്‍ക്കായി അഞ്ച് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ല തിരിച്ച് ചുമതല നല്‍കിയിട്ടുണ്ട്. വ്യവസായ മേഖലയിലെ പരാതിപരിഹാരങ്ങളുമായി ബന്ധപ്പെട്ട തുടര്‍ നടപടിയെന്ന നിലയ്ക്ക് പരാതികളുടെ സ്റ്റാറ്റസ് അറിയുന്നതിന് പോര്‍ട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിസന്ധി കാലത്തും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കിയ ജില്ലാ വ്യവസായ കേന്ദ്രത്തെ മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. അസെന്റ് നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത് വ്യവസായ സംരംഭം ആരംഭിച്ച പോള്‍ തച്ചിലിനെ മന്ത്രി അനുമോദിച്ചു. വ്യവസായ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി പ്രകാരം 18 പേര്‍ക്കുള്ള ധനസഹായം പരിപാടിയില്‍ വിതരണം ചെയ്തു. ആകെ 1.23 കോടി സബ്‌സിഡിയാണ് വിതരണം ചെയ്തത്. എന്റര്‍പ്രൈസിംഗ് തൃശൂര്‍ എന്ന പേരില്‍ അടുത്ത 5 വര്‍ഷത്തേയ്ക്കായി വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി രേഖ മന്ത്രി പ്രകാശനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. അദാലത്തില്‍ മുന്‍കൂട്ടി ലഭിച്ച 92 പരാതികള്‍ പരിപാടിയില്‍ മന്ത്രി പരിഗണിച്ചു. പുതിയതായി ലഭിച്ച 21 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറകടര്‍ എം ജി രാജമാണിക്യം, ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, അസി കലക്ടര്‍ സുഫിയാന്‍ അഹമ്മദ്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജിങ് ഡയറക്ടര്‍ കെ എസ് കൃപകുമാര്‍,
വ്യവസായ വകുപ്പിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.