അസെൻ്റ് നിക്ഷേപക സംഗമത്തിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിജയപാതയില്‍ മുന്നേറുകയാണ് ആര്‍ട്ടിക് ബാത്ത് ഇന്ത്യ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ആ വിജയക്കുതിപ്പിനുള്ള അംഗീകാരം കൂടിയായി വ്യവസായ മന്ത്രി പി രാജീവില്‍ നിന്ന് ആര്‍ട്ടിക് മാനേജിങ് ഡയറക്ടര്‍ പോള്‍ തച്ചിലിന് ലഭിച്ച പ്രോത്സാഹനപത്രം. ടൗണ്‍ഹാളില്‍ നടന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ ഉത്തരവാദിത്വ സംരംഭകത്വത്തിനുള്ള പ്രോത്സാഹനപത്രം പോള്‍ തച്ചിലിന് മന്ത്രി സമ്മാനിച്ചു. ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ തന്നെ ഈ അംഗീകാരം നേടിയ ആര്‍ട്ടിക് കമ്പനി കേരളത്തിന്റെ വ്യവസായ രംഗത്തിന് മാതൃകയാണെന്ന് അധികൃതര്‍ വിലയിരുത്തി. നിലവില്‍ കേരളത്തില്‍ മികച്ച സംരംഭകത്വ അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാരിന് കീഴില്‍ വ്യവസായ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് ആര്‍ട്ടിക് മാനേജിങ് ഡയറക്ടര്‍ പോള്‍ തച്ചില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ വ്യവസായ മേഖല കൂടുതല്‍ കാര്യക്ഷമമാക്കാനും നിക്ഷേപ സൗഹൃദമാക്കാനും വേണ്ടി വ്യവസായ വകുപ്പ് ജനുവരി 2020ല്‍ നടത്തിയ ബിസിനസ് മീറ്റ് ആയിരുന്നു അസന്റ്. ആ മീറ്റില്‍ പങ്കെടുക്കുകയും ഏപ്രിലില്‍ തുടങ്ങുകയും ചെയ്ത കമ്പനി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഈ ബിസിനസ് മീറ്റില്‍ പ്രൊപോസല്‍ വയ്ക്കുകയും 9 കോടി രൂപയുടെ ഇന്‍വെസ്റ്റ്‌മെന്റ് നടത്തുകയും ചെയ്ത കമ്പനി സ്വപ്നതുല്യമായ നേട്ടങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ചത്. ശുചിമുറിയില്‍ വേണ്ട എല്ലാ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുകയും വിതരണം നടത്തുകയുമാണ് ആര്‍ട്ടിക്ക് ചെയ്യുന്നത്. കൊരട്ടി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ 160 ഓളം ജീവനക്കാരുണ്ട്. കൊരട്ടി സ്വദേശിയായ പോളിന് കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ട്. ഭാര്യ ഡയാന കമ്പനി ഡയറക്ടര്‍ കൂടിയാണ്. കൊരട്ടിയില്‍ മാത്രമല്ല മേലൂരും കോയമ്പത്തൂരും പോളിന് കമ്പനികളുണ്ട്.