കാട്ടൂര്‍ സിഡ്‌കൊ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുതി തടസത്തിന് മീറ്റ് ദി മിനിസ്റ്ററില്‍ പരിഹാരം. 15ഓളം വ്യാവസായിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ സിഡ്‌കോ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് വൈദ്യുതി ലഭ്യമാക്കാനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ വ്യവസായമന്ത്രി പി രാജീവ് ഇടപെട്ടതോടെയാണ് പരിഹാരമായത്.പ്രധാനമായും പ്ലാസ്റ്റിക് മോള്‍ഡിംഗ്, മോള്‍ഡ് മാനുഫാക്ചറിങ്, മെഷീന്‍ പാര്‍ട്‌സ്, ഫാബ്രിക്കേഷന്‍ തുടങ്ങി വ്യാവസായിക യുണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം തന്നെ വൈദ്യുതി ആവശ്യമായവയാണ്. എന്നാല്‍ യൂണിറ്റുകളില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഉല്‍പാദനത്തെ ബാധിച്ചിരുന്നു. ഇതിനൊരു പരിഹാരം തേടിയാണ് കാട്ടൂര്‍ സിഡ്‌കോ മിനി ഇന്‍ഡസ്ട്രീസ് സെക്രട്ടറി പ്രജീഷ് മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പരാതി അറിഞ്ഞ മന്ത്രി കെ എസ് ഇ ബി അധികൃതരുമായി സംസാരിക്കുകയും തുടര്‍നടപടികള്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പ്രശ്‌നത്തിന് പരിഹാരമായി കെ എസ് ഇ ബി നടത്തുന്ന ഷെഡ്യുള്‍ഡ് ജോലികള്‍ മുന്‍കൂട്ടി വ്യാവസായിക യുണിറ്റിനെ അറിയിക്കുന്നതാണെന്ന് ഇരിങ്ങാലക്കുട അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.