പരമ്പരാഗത വ്യവസായങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന വ്യവസായ മന്ത്രി പി.രാജീവിന്റെ ഉറപ്പില്‍ ശുഭപ്രതീക്ഷയുമായി വേലായുധന്‍. കോവിഡ്
പ്രതിസന്ധി കാലത്തെ മറികടക്കാന്‍ സാമ്പത്തിക സഹായം തേടിയാണ് വേലായുധന്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുത്തത്. പരാതി കേട്ട
മന്ത്രി എസ്‌സി /എസ്ടി ഓഫീസില്‍ നിന്ന് വേണ്ട സഹായം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനായി 2019ലാണ് അംബേദ്കര്‍ എസ്‌സി/ എസ്ടി ഹാന്റ്ക്രാഫ്റ്റ് സൊസൈറ്റി രൂപീകരിക്കുന്നത്.
കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സമ്പാവ കോളനിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 25ഓളം കുടുംബങ്ങള്‍ ചേര്‍ന്നാണ് സൊസൈറ്റി ആരംഭിച്ചത്. എന്നാല്‍ കോവിഡ് പ്രതിസന്ധി സംരംഭകത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയെന്ന് സൊസൈറ്റി പ്രസിഡന്റ് വേലായുധന്‍ പറയുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് വേലായുധന്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ അപേക്ഷിച്ചത്. പരാതി കേട്ട മന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചു. തങ്ങളുടെ കുലതൊഴിലിനെ വരുംതലമുറയ്ക്ക് കൂടി പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി ആരംഭിച്ചത്. പരമ്പരാഗതമായി ഉണ്ടാക്കുന്ന മുറം, കൊട്ട, ചവിട്ടി, ചക്ര തുടങ്ങിയവയാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം വിപണി നഷ്ടമായതോടെ തൊഴിലാളികള്‍ക്ക് കൂലി നല്‍കല്‍ ഉള്‍പ്പെടെ വെല്ലുവിളിയായി. സംരംഭം അടച്ച്പൂട്ടാതെ വരും തലമുറയ്ക്ക് തൊഴില്‍ നല്‍കുക എന്ന വേലായുധന്റെ
ആഗ്രഹത്തിന് കൂടിയാണ് മന്ത്രിയുടെ വാക്കുകളിലൂടെ ജീവന്‍ വെച്ചത്.