സംരംഭകരുടെ പരാതികള്‍ പരിഹരിക്കാനായി ജില്ലയില്‍ സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിക്ക് മികച്ച പ്രതികരണം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ലഭിച്ച 92 പരാതികളില്‍ 64 എണ്ണത്തിനും തീര്‍പ്പ് കല്‍പ്പിച്ചു. വേദിയില്‍ വെച്ച് 24 പരാതികളാണ് ലഭിച്ചത്. ആ പരാതികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.ഓരോ പരാതികളും പ്രത്യേകം പരിഗണിക്കുകയും സംരംഭകരുടെ പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം നിർദേശിക്കുകയും അടിയന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. പരിഹരിക്കാൻ കഴിയാതെ പോയ പരാതികളിൽ സമയബന്ധിതമായി പരിശോധന നടത്തി തീരുമാനമെടുക്കാനും മന്ത്രി നിർദേശിച്ചു.

റവന്യൂ, പഞ്ചായത്ത് വിഭാഗവുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതല്‍ ഉണ്ടായിരുന്നത്. 10 പരാതികള്‍ പോക്കുവരവുമായും 12 പരാതികള്‍ പട്ടയവുമായി ബന്ധപ്പെട്ടായിരുന്നു. പിന്നീടുള്ളത് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടവയായിരുന്നു. വ്യവസായ വകുപ്പ് അസന്റ് എന്ന പേരില്‍ ആരംഭിച്ച വ്യവസായ സംരംഭകത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആര്‍ട്ടിക് ബാത്ത് ഫിറ്റിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ പോള്‍ തച്ചിലിന് മന്ത്രി അനുമോദനപത്രം നല്‍കി ചടങ്ങില്‍ ആദരിച്ചു. വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്ന സംരംഭകത്വ സഹായ പദ്ധതി പ്രകാരം 18 പേര്‍ക്ക് 1.23 കോടി രൂപ വിതരണം ചെയ്തു. ജില്ലയിലെ അടുത്ത 5 വര്‍ഷത്തേക്കുള്ള വ്യവസായ വകുപ്പിന്റെ പദ്ധതി രേഖ എന്റെര്‍പ്രൈസിങ് തൃശൂര്‍ മന്ത്രി പ്രകാശനം ചെയ്തു. വ്യവസായ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.

തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറകടര്‍ എം ജി രാജമാണിക്യം, ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, അസി കലക്ടര്‍ സുഫിയാന്‍ അഹമ്മദ്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജിങ് ഡയറക്ടര്‍ കെ എസ് കൃപകുമാര്‍,
വ്യവസായ വകുപ്പിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.