വടക്കാഞ്ചേരിയില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ബിജി പോളിമേഴ്‌സിന് പ്രവര്‍ത്തനസമയം നീട്ടി നല്‍കി. വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമായി നടത്തിയ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയിലായിരുന്നു ബിബിന്റെ ആവശ്യത്തിന് അംഗീകാരം ലഭിച്ചത്. വ്യവസായമന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ തൃശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് നടത്തിയ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ ആദ്യമായി പരിഹരിച്ചതും ബിബിന്റെ പരാതിയായിരുന്നു. പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയമപ്രകാരം രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ പ്രവര്‍ത്തിച്ചിരുന്ന തേര്‍മാടം വീട്ടിലെ ബിബിന്റെ കമ്പനിക്കാണ് രാവിലെ 6 മുതല്‍ വൈകീട്ട് 10 വരെ പ്രവര്‍ത്തിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചത്. മലിനീകരണവുമായി ബന്ധപ്പെട്ട് സമീപവാസികളുടെ പരാതികള്‍ നില്‍ക്കെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ ശബ്ദമലിനീകരണം ഉള്‍പ്പെടെയുള്ള മറ്റ് മലിനീകരണ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയത്.

വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ 17-ാം ഡിവിഷനില്‍ എങ്കക്കാട് പവര്‍ഹൗസിന് സമീപമുള്ള ബിജി പോളിമേഴ് 1998 ല്‍ ബിബിന്റെ പിതാവ് ആരംഭിച്ച സംരംഭമാണ്. പ്ലാസ്റ്റിക് കാനുകള്‍, കുടം, ജാര്‍ തുടങ്ങിയ പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ നിര്‍മിക്കുന്ന കമ്പനിക്ക് ചുരുങ്ങിയ പ്രവര്‍ത്തന സമയത്തില്‍ ഉലപാദനം കുറയുന്നതിനൊപ്പം അനവധി വാണിജ്യ നഷ്ടവും സംഭവിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തന സമയം നീട്ടിക്കിട്ടുന്നതില്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പ് കല്‍പിച്ച് അംഗീകാരം ലഭിച്ചത് ഉല്‍പാദനത്തിനുള്‍പ്പെടെ സംരംഭത്തിനും തൊഴിലാളികള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് ബിജി പോളിമേഴ്‌സ് ഉടമയായ ബിബിന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പെട്ടെന്നുള്ള നടപടികള്‍ വ്യാപാരികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.