യാത്രക്കിടയില്‍ ‘വഴിയിട’ത്തില്‍ വിശ്രമിക്കാം; ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയം ജില്ലാ തല ഉദ്ഘാടനം നടന്നു

കാസർഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ‘ടേക്ക് എ ബ്രേക്കില്‍’ പൂര്‍ത്തിയായ ശൗചാലയങ്ങളുടെ ജില്ലാതല ഉദ്ഘാടനം ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ പെര്‍ലടുക്കത്ത് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ ശൗചാലയങ്ങളെ പുനരുദ്ധാരണം ചെയ്തതും പുതുതായി നിര്‍മ്മിച്ചതും ഉള്‍പ്പെടെ അഞ്ച് പദ്ധതികളാണ് ജില്ലയില്‍ പൂര്‍ത്തിയായത്.

ബേഡഡുക്ക പഞ്ചായത്തിലെ പെര്‍ലടുക്ക, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കരിന്തളം, ബദിയഡുക്കയിലെ നീര്‍ച്ചാല്‍, എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചിമുറി സമുച്ചയങ്ങള്‍ ഉദ്ഘാടനം ചെയ്തത്. നാല് പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

പുതിയതായി 27 പദ്ധതികളാണ് ടേക്ക് എ ബ്രേക്കില്‍ ഏറ്റെടുത്തിട്ടുള്ളത്. ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ അദ്ധ്യക്ഷത വഹിച്ചു. അസി.എന്‍ജിനീയര്‍ തുളസീദരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യാതിഥിയായി. ഹരിത കേരളമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍, ശുചിത്വ മിഷന്‍ കോ ഓഡിനേറ്റര്‍ എം. ലക്ഷ്മി, ഹുസൂര്‍ ശിരസ്തദാര്‍ ശ്രീജ, ബേഡഡുക്ക കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഓമന രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കരിന്തളത്തെ ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബദിയഡുക്ക പഞ്ചായത്തിലെ നീര്‍ച്ചാലിലെ ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത ഉദ്ഘാടനം ചെയ്തു.

ദേശീയ, സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുള്ള മേഖലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ഉന്നത നിലവാരത്തിലുള്ള ശുചിമുറി സമുച്ചയങ്ങളും വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ടേക്ക് എ ബ്രേക്കില്‍ നിര്‍മ്മിക്കുന്നത്. ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ – ഗ്രാമ വികന – എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.