പാലക്കാട്: പട്ടാമ്പി കേരള കാര്‍ഷിക സര്‍വകലാശാലയിലെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രവും ഫാംനെറ്റ് കര്‍ഷക ഉല്‍പ്പാദന കമ്പനിയും സംയുക്തമായി നെല്‍കൃഷിയിലെ നൂതനസാങ്കേതിക വിദ്യയായ ഇരട്ടവരി നടീല്‍ മുന്‍നിര പ്രദര്‍ശന പരിപാടി വാവന്നൂല്‍ പാടശേഖരത്തില്‍ സംഘടിപ്പിച്ചു.

എം.സുരേഷ് ബാബുവിന്റെ പാടത്താണ് ഇരട്ടവരി നടീല്‍ ആരംഭിച്ചത്. സാധാരണ രീതിയില്‍ 20 * 15 സെന്റിമീറ്റര്‍ ഇടയകലത്തില്‍ നടുന്ന സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തമായി രണ്ട് വരികള്‍ തമ്മില്‍ 15 സെന്റിമീറ്ററും ഇരട്ട വരികള്‍ തമ്മില്‍ 35 സെന്റിമീറ്ററും ഇടയകലം പാലിച്ചാണ് കൃഷി ചെയുന്നത്.

ഈ രീതിയില്‍ ചെടികള്‍ക്കിടയില്‍ വായുസഞ്ചാരവും സൂര്യപ്രകാശവും ക്രമീകരിക്കപ്പെടുന്നതിനാല്‍ നെല്ലിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിക്കും. പരിപാടിയില്‍ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ.കെ.വി.സുമിയ, ശാസ്ത്രജ്ഞരായ ഡോ.ശ്രീലക്ഷ്മി, ഡോ.ദര്‍ശന, ഫാംനെറ്റ് അംഗങ്ങളായ ബാബു പല്ലേരി, ഉണ്ണി മങ്ങാട്ട്, നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.