പാലക്കാട്: ‘മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായി സാക്ഷരത’, ഡിജിറ്റല്‍ വിഭജനം കുറയ്ക്കുകയെന്ന ലോക സാക്ഷരതാദിന സന്ദേശമുയര്‍ത്തി ജില്ലാ സാക്ഷരതാ മിഷനും, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല സാക്ഷരതാദിനം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിതാ ജോസഫ് സാക്ഷരതാ പതാക ഉയര്‍ത്തി.
ഡിജിറ്റല്‍ യുഗത്തില്‍ അറിവിന്റെ മേഖലയില്‍ ഉണ്ടായിട്ടുള്ള വിടവ് ഇല്ലാതാക്കുന്ന വിധത്തിലുള്ള സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ എക്‌സിക്യൂട്ടീവ് അംഗം ടി. കെ. നാരായണദാസ് സാക്ഷരതാദിന സന്ദേശം നല്‍കി. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് ബ്ലോക്കിലെ മുതിര്‍ന്ന പഠിതാവായ കെ അയ്യപ്പന്‍, മറ്റ് തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവരെ വൈസ് പ്രസിഡന്റ് എം. സൈതാലി, വി.കെ രാധിക (വികസനകാര്യ ചെയര്‍പേഴസണ്‍) എന്നിവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കൂടാതെ അസി. കോര്‍ഡിനേറ്റര്‍ പി വി പാര്‍വതി, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ ശ്രീകുമാരി, പ്രജീഷ്‌കുമാര്‍, നോഡല്‍ പ്രേരക്മാരായ എം.കെ ദേവി, എം രാമകൃഷ്ണന്‍, അസി. നോഡല്‍ പ്രേരക് കെ.എം ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.