ഇടുക്കി: ലോക സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലയില്‍ 66 സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങളില്‍ രാവിലെ 9 ന് പതാക ഉയര്‍ത്തി. ജില്ലാതല ഉദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കെ.ജി സത്യന്‍ അധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പതാക ഉയര്‍ത്തി ജില്ലാതല പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് 70 വയസുകാരനായ സാക്ഷരതാ പഠിതാവ് പൈനാവ് ഫ്ളവേഴ്സ് കോളനി സ്വദേശിയായ തകിടിയേല്‍ ബേബിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി എസ് ശ്രീകല സാക്ഷരതാ സന്ദേശം നല്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഗ്രാമ, ബോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ സാക്ഷരതാ പതാക ഉയര്‍ത്തി. പഠിതാക്കളെ ആദരിക്കല്‍, പോസ്റ്റര്‍ തയ്യാറാക്കല്‍, പ്രബന്ധരചന എന്നിവയും സംഘടിപ്പിച്ചിരുന്നു. സാക്ഷരതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 9 മുതല്‍ 14 വരെ പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചിട്ടുണ്ട്.

നാളെ രാത്രി 8 ന് ‘സാക്ഷരത അതിജീവനത്തിന് ‘ എന്ന വിഷയത്തില്‍ ധന്വന്തരി ജനറല്‍ മാനേജര്‍ ഡോ. കെ.സോമന്‍ പ്രഭാഷണം നടത്തും. https://www.facebook.com/idukki.saksharatha.7 എന്ന ജില്ലാ മിഷന്‍ ഔദ്യോഗിക എ ഫ് ബി പേജില്‍ ഓണ്‍ലൈനായിട്ടാണ് പ്രഭാഷണ പരിപാടി.

ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജമിനി ജോസഫ്, അമ്മിണി ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജീവനക്കാരായ സാദിര ജോഷി, വിനു പി ആന്റണി, സീമ എബ്രാഹം എന്നിവര്‍ സംബന്ധിച്ചു.