ഇടുക്കി: സുകുമാരന്റെയും ഭാര്യ ലീലയുടെയും 45 വര്‍ഷം നീണ്ട കാത്തിരിപ്പിന് സെപ്റ്റംബര്‍ 14 ന് വിരാമമാകുകയാണ്. സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് വൃദ്ധദമ്പതികളായ സുകുമാരനും ലീലയും. ആനച്ചാല്‍ സ്വദേശി ഓലിക്കുന്നേല്‍ എന്‍.എ സുകുമാരന്‍ എന്ന 72 വയസുകാരന്‍ സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങിയിട്ട് 45 വര്‍ഷം പിന്നിടിന്നു.
ഈ വാര്‍ദ്ധക്യ കാലത്ത് നടക്കില്ലെന്ന് വിചാരിച്ച സ്വപ്നത്തിന്റെ സാഫല്യ സന്തോഷത്തിലാണ് സുകുമാരന്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടികളുടെ ഭാഗമായിട്ടാണ് 90 സെന്റ് സ്ഥലത്തിന്റെ പട്ടയം സുകുമാരന്റെ കൈകളിലെത്തുന്നത്.
കര്‍ഷകനായിരുന്ന സുകുമാരന് വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ കൃഷി അവസാനിപ്പിക്കേണ്ടി വന്നു. സ്ഥലം പാട്ടത്തിന് നല്‍കി. ഇപ്പോള്‍ സര്‍ക്കാര്‍ ഇരുവര്‍ക്കും നല്‍കുന്ന വാര്‍ധക്യ പെന്‍ഷനാണ് ഇവരുടെ ഏകവരുമാനം. അഞ്ച് വര്‍ഷം മുന്‍പ് പക്ഷാഘാതത്തെ തുടര്‍ന്ന് അവശയായ ഭാര്യയുടെ ചികിത്സക്കും, വീട്ടുചിലവിനും ഈ തുക മതിയാകില്ലെന്നതാണ് സത്യം. മക്കളില്ലാത്ത ഇവര്‍ക്ക് ആരോഗ്യപരമായ അവശതകളില്‍ ആശ്രയമാകുന്നത് വാര്‍ഡിലെ ആശ പ്രവര്‍ത്തകരാണ്.
പല സാമ്പത്തിക പ്രതിസന്ധികളിലും പട്ടയമില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളിലും, കാര്‍ഷിക നാശനഷ്ടങ്ങളുണ്ടായപ്പോഴും പട്ടയഭൂമി അല്ല എന്നതിന്റെ പേരില്‍ ആനൂകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് സുകുമാരന്‍ പറയുന്നു. വാര്‍ധക്യ കാലത്തെ വിഷമതകള്‍ക്കിടയിലും പട്ടയം കിട്ടിയതിന്റെ സന്തോഷവും സര്‍ക്കാരിനോടുള്ള നന്ദിയും ചെറുപുഞ്ചിരിയില്‍ സുകുമാരനും ഭാര്യ ലീലയും പ്രകടിപ്പിക്കുന്നു.