തൃശ്ശൂർ: കൊടകര ഗ്രാമപഞ്ചായത്ത് അപേക്ഷാ ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി മുന്നേറുന്നു. പഞ്ചായത്തിന് കീഴിലെ വിവിധ ഗ്രാമസഭകളിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ അപേക്ഷാഫോമുകളാണ് ആദ്യം പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തത്. ഗൂഗിള്‍ ഷീറ്റില്‍ മാര്‍ക്ക് ചെയ്യാവുന്ന രീതിയിലാണ് അപേക്ഷ തയ്യാറാക്കുന്നത്.
ആദ്യ പ്രവര്‍ത്തനം എന്ന രീതിയില്‍ഗ്രാമസഭാ ഗുണഭോക്തൃഫോം ഓണ്‍ലൈന്‍ ആക്കുകയും 5000 അപേക്ഷകള്‍ പഞ്ചായത്തില്‍ ഒരാഴ്ചക്കകം ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് ഇവ ക്രോഡീകരിച്ച്നിര്‍വ്വഹണ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനം എന്ന രീതിയില്‍ കൊടകര ഗ്രാമപഞ്ചായത്തിലെ വാക്‌സിനേഷന്റെ വിവരശേഖരണത്തിനായി ഓണ്‍ലൈന്‍ ഫോം തയ്യാറാക്കി.
വാക്‌സിനേഷന്റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഈ ഫോം വഴി ലഭിക്കും. ഡിജിറ്റലൈസേഷന്റെ ഭാഗമായി സംഘടിപ്പിച്ച വാക്സിനേഷന്‍ ഡ്രൈവ് വിവര ശേഖരണ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് എം ആര്‍ രഞ്ജിത് നിര്‍വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. വ്യക്തിഗത, കുടുംബ, ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാഫോമുകളാണ് പ്രധാനമായും ഡിജിറ്റലൈസ് ചെയ്തത്.
ഘട്ടംഘട്ടമായി കൊടകര പഞ്ചായത്തിന്റെ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അപേക്ഷാഫോമുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ കൊടകര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. കൊടകര ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതി അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആര്‍ ആര്‍ ടി അംഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. അപേക്ഷാഫോം പ്രത്യേക ലിങ്കിലൂടെ മൊബൈലില്‍ ലഭ്യമാക്കും. പൂരിപ്പിച്ച് തിരികെ സമര്‍പ്പിക്കുമ്പോള്‍ പഞ്ചായത്തിലെ മദര്‍ കമ്പ്യൂട്ടറില്‍ ഡാറ്റ രേഖപ്പെടുത്തും.
ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത ഉപഭോക്താക്കളെ ഫോം പൂരിപ്പിക്കുന്നതിന് വാര്‍ഡ് വികസന സമിതി, അങ്കണവാടി, ആര്‍ ആര്‍ ടി അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ സഹായിക്കും. കൂടാതെ ഓരോ വാര്‍ഡിലും 50 വീടുകള്‍ വീതം ഓരോ ക്ലസ്റ്ററുകളായി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഒരാളെ നിയമിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്കെ ജി രജീഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസ്സി ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്തംഗം വി കെ മുകുന്ദന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ധന്യ, സുരാജ്, ടി.കെ പത്മനാഭന്‍, ഷിനി ജെയ്‌സന്‍, എം എം ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോബി എന്നിവര്‍ പങ്കെടുത്തു.