ആലപ്പുഴ: ഡിജിറ്റൽ സാക്ഷരത നേടുന്നത് അനിവാര്യമാണെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിവേഗം മാറുന്ന ലോകത്ത് അക്ഷരം എഴുതാനും വായിക്കാനും പഠിക്കുന്നതിന് പുറമേ ഡിജിറ്റൽ സാക്ഷരത നേടുകയെന്നത് അനിവാര്യമാണ്.
രാജ്യത്തും ലോകത്തും നിരക്ഷരരായ ലക്ഷോപലക്ഷം ആളുകൾ ജീവിക്കുമ്പോൾ കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചുവെന്നത് അഭിമാനാർഹമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി. ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.വി. പ്രിയ ടീച്ചർ, എ. ശോഭ, വത്സലാ മോഹൻ, അഡ്വ. ടി.എസ്. താഹ, ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ് എന്നിവർ പങ്കെടുത്തു. ലോക സാക്ഷരത ദിനാചരണത്തിന്റെ ഭാഗമായി ഓൺലൈൻ പ്രഭാഷണ പരമ്പരകൾ, തുല്യത പഠിതാക്കളുടെ അനുഭവസാക്ഷ്യം തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.