മാനന്തവാടി: സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ആദിവാസി ജനവിഭാഗമടക്കമുളളവരില്‍ അടിസ്ഥാന വിദ്യാഭ്യാസമെത്തിക്കുന്നതില്‍ പൊതുവിദ്യാലയങ്ങളുടെ പങ്ക് നിസ്ഥൂലമാണെന്ന് മന്ത്രി എ.സി മൊയ്തീന്‍. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് പോലുളള പ്രദേശങ്ങളില്‍ പൊതുവിദ്യാഭ്യാസ മേഖല തകരരുത്. ഇതു പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിദ്യഭ്യാസപുരോഗതിക്കടക്കം തിരിച്ചടിയാകുമെന്നും മന്ത്രി പറഞ്ഞു.
നിയമത്തിലെ പഴുതുകളടച്ച് മാനേജ്‌മെന്റുകള്‍ അടച്ചുപൂട്ടാന്‍ തയ്യാറായ നാലു വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണമാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് പ്രഖ്യാപിക്കാനും ഇതിലൂടെ സാധിച്ചു. സമഗ്രവും കേന്ദ്രീകൃതവുമായ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉന്നതമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഏതൊരു പ്രധാനപ്പെട്ട സംരഭകത്തിന്റെയും നേതൃത്വസ്ഥാനത്ത് മലയാളി സാന്നിധ്യം കാണാന്‍ കഴിയുന്നത് ഇതുവരെ സംസ്ഥാനം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയുടെ അടയാളങ്ങളാണെന്നും മന്ത്രി പറഞ്ഞു.
മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗ്രൗണ്ട് നവീകരിക്കാന്‍ തുക വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എംഎസ്.ഡി.പി പദ്ധതിയില്‍ വി.എച്ച്.എസ്.സി വിഭാഗത്തിനനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടോദ്ഘാടനം, ഹൈസ്‌കൂള്‍ വിഭാഗത്തിനുളള 60 ലക്ഷം രൂപയുടെ കെട്ടിടോദ്ഘാടനം, 27 ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വ്വഹിച്ചു. യോഗത്തില്‍ ഒ.ആര്‍ കേളു എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ ഒ.കെ സാജിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സ ഇന്‍ചാര്‍ജ് പ്രദീപ ശശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാബാബു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
