കണ്ണൂർ: വിവരസാങ്കേതിക വിദ്യാ വിസ്‌ഫോടന കാലത്ത് നിരക്ഷരരെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതിന്റെ അനിവാര്യതയെ ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടുമൊരു സാക്ഷരതാ ദിനം കൂടി കടന്നു പോയി. ഡിജിറ്റല്‍ അസമത്വത്തില്‍ നിന്ന് സാക്ഷരതയുടെ മനുഷ്യകേന്ദ്രീകൃത വീണ്ടെടുക്കല്‍ എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ ലോക സാക്ഷരതാ ദിനാചരണം മുന്നോട്ടു വെക്കുന്നത്.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണത കൈവരിച്ച രാജ്യത്തെ ആദ്യ ജില്ലയായ കണ്ണൂര്‍ ഇനി സെക്കണ്ടറി വിദ്യാഭ്യാസത്തിലും മികച്ച നേട്ടം കൈവരിക്കുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
സാക്ഷരത പ്രവര്‍ത്തകരായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, വി ആര്‍ വി ഏഴോം എന്നിവരെ പരിപാടിയില്‍ ആദരിച്ചു. പഴയങ്ങാടി സ്വദേശികളായ അന്‍സില ഇക്ബാല്‍, കെ വി കുഞ്ഞാമിന, ഇരിട്ടി പായം സ്വദേശിനി കെ ജാനകി എന്നീ മൂന്ന് പഠിതാക്കളേയും ചടങ്ങില്‍ ആദരിച്ചു. ലോക സാക്ഷരതാദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തും സാക്ഷരതാ മിഷനും ചേര്‍ന്ന് അന്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള തുല്യതാ പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ എന്നതായിരുന്നു വിഷയം.
ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ സാക്ഷരതാ സമിതി അംഗം എന്‍ ടി സുധീന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, കെ കുര്യാക്കോസ്, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.