ലോകസാക്ഷരതാ ദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍

കാസർഗോഡ്: സാക്ഷരത വര്‍ധിക്കുമ്പോഴാണ് ജനതയുടെ ജനാധിപത്യ ബോധത്തില്‍ ഉണര്‍വുണ്ടാകുന്നതെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ ബോധം സംസ്ഥാനം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന്റെ നേട്ടമാണ്.

എല്ലാ മേഖലയിലെയും സാക്ഷരതാ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനം അത്രമേല്‍ വിലപ്പെട്ടതാണ്. പ്രവാസികള്‍ക്കുള്‍പ്പെടെ തുല്യതാ പരീക്ഷകള്‍ വഴി എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി യോഗ്യതകള്‍ നേടാനാവുന്നത് പ്രവാസികള്‍ക്കുള്‍പ്പെടെ ഏറെ സഹായകമാകുന്നുണ്ട്. ഇതേ മാതൃകയില്‍ ബിരുദപഠനത്തിനും അവസരമൊരുക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. എസ്.എന്‍.സരിത സാക്ഷരത സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി.പുഷ്പ, പപ്പന്‍ കുട്ടമത്ത്, കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ.കെ.പി.ജയരാജന്‍, കെ.വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ സ്വാഗതവും ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍ നന്ദിയും പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിന്‍ വിപുലമായ പരിപാടികളോടെയാണ് ലോകസാക്ഷരതാ ദിനം ആചരിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി മുഴുവന്‍ വിദ്യാകേന്ദ്രങ്ങളിലും സാക്ഷരതാ പതാക ഉയര്‍ത്തി. ജില്ലാസാക്ഷരതാ മിഷന്‍ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ പതാക ഉയര്‍ത്തി. വ്യാഴാഴ്ച മുതല്‍ ഒരാഴ്ച്ചക്കാലം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരിപാടിയും നടക്കും.