മലപ്പുറം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജനകീയ പിന്തുണയോടെയുള്ള പുതിയ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. ഒട്ടേറെ കാര്‍ഡുടമകള്‍ റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് തരംമാറ്റാത്ത സാഹചര്യത്തില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പൊതു വിതരണ വകുപ്പിന് ലഭ്യമാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു.

9495998223 എന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചാണ് വിവരങ്ങള്‍ അറിയിക്കേണ്ടത്. പരാതിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കും. 2021 ഒക്ടോബര്‍ 15 വരെ പരാതികള്‍ 24 മണിക്കൂറും പരാതികള്‍ നല്‍കാവുന്നതാണ്. ഭക്ഷ്യ പൊതുവിതരണം കാര്യക്ഷമമാക്കുകയും ഇതിലെ പോരായ്മകള്‍ പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

അനധികൃതമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകളെ സംബന്ധിച്ച വിവരങ്ങള്‍ വിളിച്ചറിയിക്കുന്നതിനയുള്ള ഈ സംവിധാനം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. പരാതിക്കാരെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.