ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്‌കാരം ലക്ഷ്യമിട്ട് മൂന്നു സമിതികളെ സർക്കാർ നിയോഗിക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യസ രംഗത്ത് നിലവിലുള്ള ഡാറ്റകൾ പരിശോധിച്ച് പോരായ്മകൾ നികത്തി ഗുണമേ•യും മികവും  ആർജിക്കുന്ന വിധത്തിൽ കാലാനുസൃത പരിഷ്‌ക്കാരം വരുത്തുന്നതിന്  ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷനെ സർക്കാർ  നിയോഗിക്കുകയാണ്. ഇതിന്റെ ചെയർമാൻ അംബേദ്ക്കർ സർവകലാശാലയുടെ  മുൻ വൈസ് ചാൻസിലർ ഡോ.ശ്യാം ബി. മേനോനാണ്.

കൺവീനർ ഐ.ഐ.ടി ചെന്നൈ ഫിസിക്‌സ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ഡോ. പ്രതീപ് ടി. അംഗങ്ങളായി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്, ജെ.എൻ.യു പ്രൊഫസർ ഡോ.ഐഷാ കിദ്വായ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫസർ രാംകുമാർ, കണ്ണൂർ സർവകലാശാല പ്രൊ-വൈസ് ചാൻസിലർ സാബു അബ്ദുൽ ഹമീദ്, കാലിക്കറ്റ് സർവകലാശാല റിട്ട. പ്രൊഫസർ എം.വി. നാരായണൻ എന്നിവരെയും നിയോഗിച്ചു.

സർവകലാശാല നിയമപരിഷ്‌കാര കമ്മീഷൻ ചെയർമാനായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസിലർ ഡോ.എൻ.കെ. ജയകുമാർ, അംഗങ്ങളായി കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് ബോഡി അംഗം ഡോ. ജോയ് ജോബ് കളവേലിൽ, മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. ദാമോദരൻ, എറണാകുളം ഹൈക്കോടതി അഡ്വ. പി.സി ശശിധരൻ എന്നിവരെ നിയോഗിച്ചു.

പരീക്ഷാ പരിഷ്‌ക്കരണ കമ്മീഷൻ  അംഗങ്ങളായി മഹാത്മാഗാന്ധി സർവകലാശാല പ്രൊ-വൈസ് ചാൻസിലർ ഡോ.സി.ടി അരവിന്ദകുമാർ, എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല രജിസ്ട്രാർ ഡോ. എ.പ്രവീൺ, കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാർ ഡോ. സി.എൽ. ജോഷി, കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ എന്നിവരെയും നിയോഗിച്ചു.