നാല് പതിറ്റാണ്ട് തല ചായ്ച്ച കൂരയുടെ മൂന്ന് സെന്റ് ഭൂമിക്ക് പട്ടയം കിട്ടിയ സന്തോഷത്തിലാണ് തൊടുപുഴ ഏഴല്ലൂര്‍ കമ്പിക്കകത്ത് കമല ശിവന്‍ (72). 40 വര്‍ഷം മുമ്പാണ് കുമാരമംഗലം വില്ലേജിലെ ഏഴല്ലൂര്‍ വനത്തോട് ചേര്‍ന്ന് കമല 3 സെന്റ് സ്ഥലം വാങ്ങിയത്. ഇവിടെ ബന്ധുക്കളുടേയും അയല്‍ക്കാരുടേയും സഹായത്തോടെ മണ്‍ കട്ടകൊണ്ട് അര ഭിത്തി കെട്ടി വീട് നിര്‍മിച്ചു. സമീപങ്ങളില്‍ നിന്ന് ഓലയും മറ്റും കൊണ്ട് വന്നാണ് കുടില്‍ മേഞ്ഞത്. കമലയും അഞ്ച് മക്കളും ഇവിടെയാണ് താമസിച്ചത്. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതോടെ ഈ കുടിലില്‍ താമസിച്ച് കൂലിപ്പണിയെടുത്താണ് കമല മക്കളെ വളര്‍ത്തിയത്. ഭൂമി വാങ്ങി കുടില്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ പട്ടയത്തിനായി ശ്രമം തുടങ്ങിയതാണ്. ഇതിനായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പട്ടികജാതി വിഭാഗക്കാരാണ് കമലയുടെ കുടുംബം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടികജാതിക്കാര്‍ക്കായുള്ള സര്‍ക്കാരിന്റെ ഭവന പദ്ധതി പ്രകാരം വീട് പുതുക്കി പണിതു. എങ്കിലും പട്ടയമെന്നത് വീണ്ടും സ്വപ്നമായി തുടര്‍ന്നു.
രണ്ട് വര്‍ഷം മുമ്പ് പട്ടയത്തിനായി വീണ്ടും അപേക്ഷ നല്‍കി. ഇതിനിടെ കമലയുടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു. മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ ഇപ്പോള്‍ കമലക്ക് നടക്കാനാവൂ. ഒപ്പം താമസിക്കുന്ന മകന്റെയും കുടുംബത്തിന്റെയും സംരക്ഷണയിലാണിപ്പോള്‍ കമല. ഏറ്റവും അവസാനം നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ മൂന്ന് സെന്റ് സ്ഥലത്തിന്റെ പട്ടയം കമലയുടെ കൈകളിലെത്തുന്നത്. തന്റെ ആയുസ്സില്‍ പട്ടയം കിട്ടുമോയെന്ന് പോലും ശങ്കിച്ചിരുന്നതായി കമല പറഞ്ഞു. ശാരീരിക പ്രശ്‌നങ്ങളാല്‍ മേളയില്‍ പങ്കെടുത്ത് പട്ടയം നേരിട്ട് കൈപ്പറ്റാനാവില്ലെന്ന ചെറിയ സങ്കടവുമുണ്ട് കമലക്ക്. എങ്കിലും വാര്‍ദ്ധക്യ കാലത്തെ വിഷമതകള്‍ക്കിടെ പട്ടയം കിട്ടിയതിന്റെ സന്തോഷവും സര്‍ക്കാരിനോടുള്ള നന്ദിയും കമല പങ്ക് വയ്ക്കുന്നു.