മലപ്പുറം: മേലാറ്റൂര്‍-പുലാമന്തോള്‍ റോഡിന്റെ പ്രവൃത്തി പുരോഗതി പദ്ധതി ഏറ്റെടുത്ത കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട്(കെ.എസ്.ടി.പി) ചീഫ് എഞ്ചിനീയര്‍ ഡിങ്കി ഡിക്രൂസ് പെരിന്തല്‍മണ്ണയിലെത്തി വിലയിരുത്തി. ചീഫ് എഞ്ചീനീയര്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമൊപ്പം പട്ടാമ്പി റോഡ് ജംങ്ഷനിലാണ് സന്ദര്‍ശനം നടത്തിയത്.

റീ ബില്‍ഡ് കേരളയുടെ ഭാഗമായി നടക്കുന്ന റോഡ് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കലണ്ടര്‍ പ്രകാരമുള്ള ഇരുപത് ശതമാനം പ്രവൃത്തികളും കരാര്‍ കമ്പനി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പെരിന്തല്‍മണ്ണ ടൗണ്‍ മുതലുള്ള 3.18 കിലോമീറ്റര്‍ ഭാഗം ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള നിര്‍ദേശവും സമര്‍പ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഉടന്‍ ഇതിന്റെ അനുമതിക്കായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും പ്രവൃത്തിക്ക് വേഗത കൂട്ടുന്നതിന് കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചീഫ് എഞ്ചിനീയര്‍ പറഞ്ഞു. കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിയാദ്, അസി. എഞ്ചിനീയര്‍ മനോജ്, കണ്‍സല്‍ട്ടന്റ് ഏജന്‍സി അധികൃതരായ ജോസഫ് മാത്യു, ശശികുമാര്‍, വിജിന്‍, കരാര്‍ കമ്പനി അധികൃതരായ പവന്‍ റെഡ്ഡി, കാര്‍ത്തിക്, ശരവണന്‍ തുടങ്ങിയവര്‍ ചീഫ് എഞ്ചിനീയര്‍ക്കൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.