വനിതാ ശാക്തീകരണത്തിന് അർത്ഥമേകി പുത്തുക്കാവ് ലക്ഷ്മി ടൈലറിങ് ആൻ്റ് ഗാർമെന്റ് യൂണിറ്റ്

തൃശ്ശൂർ: വനിതാ ശാക്തീകരണത്തിന് പുതിയ മാനങ്ങൾ നൽകി പുത്തുക്കാവ് ലക്ഷ്മി ആക്റ്റിവിറ്റി ഗ്രൂപ്പ് അംഗങ്ങൾ. കൊടകര പഞ്ചായത്തിലെ 5 വനിതാ അംഗങ്ങളാണ് ഗാർമെന്റ് യൂണിറ്റുമായി മുന്നേറുന്നത്. ലീന ശശിധരൻ പ്രസിഡന്റായും ജിനി ബാബു സെക്രട്ടറിയായും ബിജി ജയ്സൺ, രാധികാ ദിവാകരൻ, നിഷ ഡേവിസ് എന്നിവർ അംഗങ്ങളുമായാണ് ആക്ടിവിറ്റി ഗ്രൂപ്പ് സ്ഥാപിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2021- 22 സാമ്പത്തികവർഷത്തെ വനിതാ ഗ്രൂപ്പിന് സ്വയംതൊഴിൽ സംരംഭത്തിന് ലഭിച്ച ധനസഹായത്തോടെയാണ് ലക്ഷ്മി ആക്ടിവിറ്റി ഗ്രൂപ്പിന് തുടക്കമാകുന്നത്.1,61,600 രൂപ സ്ഥിരമൂലധനവും 1,38,400 രൂപ പ്രവർത്തന മൂലധനവുമായി ആകെ മൂന്നു ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. പദ്ധതിയുടെ മുഴുവൻ തുകയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കൊടകര ബ്രാഞ്ച് വായ്പയായി നൽകി.

ബ്ലോക്കിന്റെ ജനകീയാസൂത്രണ പദ്ധതി വഴിയുള്ള 85 ശതമാനം സബ്സിഡിയായി 2,55,000 രൂപ സംരംഭകർക്ക് ബാക്ക് എൻഡ് സബ്സിഡിയായി ലഭിക്കുകയും ചെയ്യും.ഈ പദ്ധതിയിൽ 3 പവർ മെഷീനുകൾ, 3 ഡബിൾ മെഷീനുകൾ, രണ്ട് കട്ടിങ് മെഷീനുകൾ, ഒരു ഇന്റർലോക്ക് ആൻഡ് ബട്ടൺ ഹോൾ മെഷീൻ,  എംബ്രോയ്ഡറി മെഷീൻ എന്നിവയും സ്വരൂപിച്ചിട്ടുണ്ട്.

സംരംഭകർ 5 പേരും പുത്തുകാവിലെ ഗാർമെന്റ് യൂണിറ്റിൽ ഒരുമിച്ചിരുന്നാണ് തൊഴിൽ ചെയ്യുന്നത്. നൈറ്റികൾ, ചുരിദാറുകൾ, പി പി ഇ കിറ്റ്, സർജിക്കൽ ഗൗൺ, തുണി സഞ്ചി എന്നിവയാണ് ലക്ഷ്മി ടൈലറിങ് ഗാർമെന്റ്സിന്റെ ഉൽപ്പന്നങ്ങൾ. പി പി ഇ കിറ്റും സർജിക്കൽ ഗൗണും ഓർഡർ അനുസരിച്ച് തയ്ക്കും. മറ്റ് തുണിത്തരങ്ങൾ സമീപ പ്രദേശങ്ങളിലും ഓൺലൈനിലും സോഷ്യൽ മീഡിയ വഴിയും വിറ്റഴിക്കുന്നു.കൊടകര ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ മൈത്രി നഗർ പുത്തുകാവ്  പ്രദേശത്താണ് 2019 മെയ്‌ മാസത്തിൽ ലക്ഷ്മി ആക്ടിവിറ്റി ഗ്രൂപ്പ് കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്തത്.

അഞ്ചു പേർക്കും ചേർന്ന് ഒരു സ്വയംതൊഴിൽ സംരംഭം ആരംഭിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് രൂപീകരിച്ചത്. എങ്കിലും കോവിഡ് മഹാമാരിയും ലോക്ഡൗണും മൂലം സംരംഭം ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടു. ഈ സാഹചര്യത്തിൽ ഓരോ അംഗങ്ങളും തങ്ങളുടെ വീടുകളിൽ തന്നെ ചെറിയതോതിൽ തയ്യൽ ജോലികൾ ചെയ്യാൻ ആരംഭിച്ചു.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതകളെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കുകയും ചെറുകിട വ്യവസായ മേഖലയുടെ മുൻപന്തിയിൽ അവരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി സർക്കാർ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതിയിൽ കൊടകര പഞ്ചായത്ത് 2020-21ലെ പദ്ധതിയിൽ ഈ ഗ്രൂപ്പിനെ ഉൾപ്പെടുത്തി. എന്നാൽ സംരംഭകർക്ക് വായ്പ ലഭിക്കുന്നതിന് തടസങ്ങൾ നേരിട്ടതിനെ തുടർന്നാണ് 2021-22 ലെ പദ്ധതിയിൽ ഉൾകൊള്ളിച്ച് സംരംഭം ആരംഭിച്ചത്.

സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞദിവസം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ഷീല ജോർജ് അധ്യക്ഷയായി. കൊടകര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി സോമൻ, ഡിവിഷൻ മെമ്പർ വി കെ മുകുന്ദൻ, വാർഡ് മെമ്പർ ധന്യ ശിവൻ, ബി ഡി ഓ പി ആർ അജയഘോഷ്, വ്യവസായ വികസന ഓഫീസർ സെബി തുടങ്ങിയവർ പങ്കെടുത്തു.