തൃശ്ശൂർ: ബ്ലാങ്ങാച്ചാൽ നീർത്തട വികസന പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്തിൽ ശിൽപ്പശാല നടത്തി. മണ്ണ്, ജല സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനം വിജയകരമായി പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ആവിഷ്കരിക്കുന്ന പദ്ധതികൾ നീർത്തട പ്രദേശത്ത് നടപ്പിലാക്കും.

വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്നതിനാൽ പദ്ധതി ലക്ഷ്യം പൂർണ്ണമായി നേടാനും പങ്കാളിത്ത ഗ്രാമവിശകലന പരിപാടി നടപ്പാക്കാനും സാധിക്കും. കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കായും പ്രകൃതിദത്തമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ബ്ലാങ്ങാച്ചാൽ നീർത്തട പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ജനപ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ, ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ദർ, എൻ എസ് എസ് വൊളണ്ടിയർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ചായിരുന്നു ശിൽപ്പശാല. ശ്രീനാരായണപുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപ്പശാല ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് വികസനകാര്യം ചെയർപേഴ്സൺ കെ എസ് ജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സി ജയ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു, അസിസ്റ്റന്റ് സെക്രട്ടറി എ രതി, സി ഡി എസ് ചെയർപേഴ്സൺ ലിനി, വിവിധ ജനപ്രതിനിധികൾ,  എംഇഎസ് അസ്മാബി കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ തുടങ്ങിവര്‍ പങ്കെടുത്തു.