പാലക്കാട് :കുടുംബശ്രീ ‘ഓണം ഉത്സവ്’ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവല് സെപ്റ്റംബര്‍ 15 വരെ നീട്ടിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 1000 ത്തോളം ഉത്പന്നങ്ങള്‍ മികച്ച ഓഫറുകളോടെ സ്വന്തമാക്കാനുള്ള അവസരമാണിത്. കുടുംബശ്രീയുടെ ഇ- കൊമേഴ്‌സ് പോര്‍ട്ടലായ www.kudumbashreebazaar.com വഴി നടക്കുന്ന വിപണന മേള ഓഗസ്റ്റ് 18 നാണ് ആരംഭിച്ചത്. ഓഗസ്റ്റ് 31 വരെ മേള നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഓഗസ്്റ്റ് 31 ന് മാത്രം 3000 ത്തിലേറെ ഓര്‍ഡറുകള്‍ ലഭിച്ചതും മേള നീട്ടണമെന്ന ആവശ്യവും പരിഗണിച്ച് സെപ്റ്റംബര്‍ 15 വരെ ‘ഓണം ഉത്സവ്’ നീട്ടിയിട്ടുണ്ട്.

ഉത്പന്നങ്ങള്‍ക്കെല്ലാം 40% വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. കൂടാതെ 1000 രൂപയ്ക്ക് മുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10% അധിക ഡിസ്‌കൗണ്ടും ലഭിക്കും. ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെവിടെയും സൗജന്യമായി ലഭ്യമാക്കുന്ന ഫ്രീ ഡെലിവറി സൗകര്യവുമുണ്ട്. കൂടാതെ മികച്ച കോംബോ ഓഫറുകളുമുണ്ട്. തേന്‍, റാഗി, കൂവപ്പൊടി, കുരുമുളക്, ജൈവ അരി, ജാം, കശുവണ്ടി, വിവിധ അച്ചാറുകള്‍, ഭക്ഷ്യോത്പന്നങ്ങള്‍, മസാലകള്‍, ധാന്യപ്പൊടികള്‍, ടോയ്‌ലറ്ററീസ്, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ മേളയിലൂടെ ലഭിക്കും.