ഇടുക്കി: സ്വന്തം ഭൂമിക്ക് കൈവശാവകാശ രേഖ കിട്ടുക എന്നത് ജീവിതത്തിലെ മഹാഭാഗ്യമായി കരുതുന്ന, ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ അഞ്ച് കുടുംബങ്ങളില്‍ ആഹ്‌ളാദ പെരുമഴ പെയ്യുകയാണ്.
1) പുന്നയാര്‍ ചൂടന്‍ സിറ്റിയില്‍ നിന്നു വലിയ കയറ്റം കയറി മനോഹരമായ നാട്ടുപാത അവസാനിക്കുന്നിടത്താണ് വെട്ടുകല്ലാംകുഴിയില്‍ ആഗസ്തി തോമസിന്റ വീട്. കഞ്ഞിക്കുഴി മേഖലയിലെ ഏറ്റവും ഉയരമുള്ള ഈ ഭാഗം നയന മനോഹരമാണ്. കുന്നിന്‍മുകളില്‍ നിന്ന് വട്ടം കറങ്ങി നോക്കിയാല്‍ ഇടുക്കിയുടെ സൗന്ദര്യത്തിന്റെ ഒരു ഭാഗം ആവാഹിച്ചു മനസില്‍ കയറ്റാം. അകലെ പുന്നയാര്‍ വെളളച്ചാട്ടത്തിന്റെ രജത സൗന്ദര്യവും പൊട്ടിച്ചിരികളും. ഇരുവശവും കീഴ്ക്കാംതൂക്കായ ഭൂമി. അധ്വാനികളായ കര്‍ഷകരുടെ വിയര്‍പ്പ് വളം ചേര്‍ത്ത പോലെ കാപ്പിയും കൊക്കോയും കുരുമുളകും റബറും തെങ്ങും ചേര്‍ന്നുള്ള കൃഷികള്‍.
കാര്‍ഷിക സമൃദ്ധിയുടെ നേര്‍ക്കാഴ്ച. ഈ സമൃദ്ധിയുടെ നടുവില്‍ നിന്ന് ആഗസ്തി തോമസ് തന്റെ 43 സെന്റ് ഭൂമിക്ക് പട്ടയം കിട്ടുന്നതിലുള്ള ആഹ്‌ളാദം പങ്കുവച്ചു. വര്‍ഷങ്ങളായി പട്ടയം കിട്ടാനുള്ള ശ്രമത്തിലായിരുന്നു. ഭാര്യ അച്ചാമ്മയോടൊപ്പം 1978 ലാണ് മൂലമറ്റത്ത് നിന്ന് ഭാവി ജീവിതം കരുപ്പിടിപ്പിക്കാന്‍ ഈ കുന്നിന്‍ മുകളില്‍ എത്തിയത്. കാട്ടുമൃഗങ്ങളുടെയും മറ്റും ഭീഷണിക്കിടയിലാണ് കൃഷിയിറക്കിയത്. വിളയിച്ചെടുത്ത പൊന്ന് കോര്‍ത്ത് ഏക മകളെ വിവാഹിതയാക്കി. ഇപ്പോ ആഗസ്തിയും അച്ചാമ്മയും മാത്രം. പട്ടയം ഇല്ലാത്തതിന്റെ പേരില്‍ താനുള്‍പ്പെടെ കര്‍ഷകര്‍ ഒത്തിരി പ്രയാസങ്ങളനുഭവിച്ചതായും സര്‍ക്കാരിനോട് ഒരുപാടു നന്ദിയുണ്ടെന്നും ആഗസ്തി പറഞ്ഞു.
2)പൂര്‍വികര്‍ അധ്വാനിച്ചു നേടിയെടുത്ത ഭൂമിയുടെ അവകാശം ലഭിക്കുക എന്നത് അവര്‍ക്ക് കാണാന്‍ കഴിയാതെ മഹത്തായ കാര്യമാണ്. പട്ടയരേഖ എന്നത് അവാര്‍ഡ് ലഭിക്കുന്നതു പോലെയാണെന്ന് മാളിയേക്കല്‍ എംഡി മോഹനന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ വന്ന ശേഷം നിശ്ചയദാര്‍ഢ്യത്തോടെ എടുത്ത തീരുമാനത്തിന്റെ പ്രതിഫലനം. ഹൈറേഞ്ചുകാരെ പിന്നാക്കക്കാരായി കാണുന്ന സമീപനത്തിനു മാറ്റമുണ്ടായി.
രണ്ടു മന്ത്രിസഭകളിലായി രണ്ടു മന്ത്രിമാര്‍ വന്നതോടെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ അടുത്തുവന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ പട്ടയ വിതരണം. വരും തലമുറയ്ക്ക് ഏറെ പ്രയോജനമാണ് ഇതിലൂടെ ലഭിക്കുന്നത്. വിദ്യാഭ്യാസം, വീട് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും പട്ടയം അനിവാര്യമാണ്. പ്രദേശത്തിന്റെ മുരടിച്ച വളര്‍ച്ച മാറാന്‍ ഇത് സഹായിക്കും. ചിരകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ച സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും മോഹനന്‍ നന്ദി പറഞ്ഞു. മോഹനന്റെ വീടിരിക്കുന്ന 1.65 ഏക്കറിനാണ് പട്ടയം ലഭിക്കുന്നത്.
3)1960കളിലാണ് കുമരത്തിനാല്‍ രാജന്റെ പൂര്‍വികകുടുംബം കഞ്ഞിക്കുഴി പുന്നയാറിലെത്തുന്നത്. കൃഷിയും പശുവളര്‍ത്തലുമൊക്കെയായി ഇക്കാലമത്രയും ജീവിതം നയിച്ചു.ഇതിനിടയില്‍ നാലുതവണ കുടിയിറക്കു നേരിടേണ്ടി വന്നതായി രാജനും ഭാര്യ ഗിരിജാ മണിയും പറഞ്ഞു. പുന്നയാര്‍ റോഡ് വന്നതോടെയാണ് പ്രദേശത്ത് വെളിച്ചം എത്തിയത്. പിന്നിട്ട കാലങ്ങളില്‍ പട്ടയം ഇല്ലാത്തതിനാല്‍ ഒട്ടേറെ വിഷമതകള്‍ അനുഭവിച്ചു.
രണ്ട് ആണ്‍ മക്കളുടെ വിദ്യാഭ്യാസത്തിനു പോലും തടസമായി. അവര്‍ക്കു വിവാഹ ആലോചനകള്‍ പോലും പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശനിദശ മാറി പോലെയായെന്ന് സര്‍ക്കാരിനു നൂറുവട്ടം നന്ദി അറിയിച്ച് രാജന്‍ – ഗിരിജാമണി ദമ്പതികള്‍ പറഞ്ഞു. ബാങ്ക് വായ്പയൊന്നും കിട്ടാത്തതിനാല്‍ മക്കള്‍ക്ക് എന്തെങ്കിലും സംരംഭങ്ങള്‍ തുടങ്ങാനും കഴിഞ്ഞിരുന്നില്ല. ഗിരിജാമണിയുടെ തൊഴിലുറപ്പു ജോലിയുടെ വരുമാനം കൂടി ചേര്‍ത്താണ് കുടുംബം പോറ്റാന്‍ കഴിയുന്നത്. കിട്ടുന്ന വിലയ്ക്ക് സ്ഥലം വിറ്റുപോകാന്‍ ആലോചിച്ചിരുന്നപ്പോഴാണ് പട്ടയമെന്ന ഭാഗ്യം പടിവാതില്‍ക്കല്‍ എത്തിയത്. ഇനി കാര്യങ്ങള്‍ നേരെയാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
4)പട്ടയമില്ലാതിരുന്ന പത്ത് സെന്റ് ഭൂമിയിലെ വീട്ടില്‍ എകയാണ് പ്രഭ സിറ്റി ശൂനിപ്പറമ്പില്‍ പരേതനായ വേലായുധന്റെ ഭാര്യ 65 വയസ് പിന്നിട്ട സരസമ്മ. ഭര്‍ത്താവ് അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. മക്കളില്ല. ബാങ്കിതര വായ്പയെടുത്ത് നിര്‍മിച്ച ചെറിയ വീട്ടില്‍ ദു:ഖങ്ങളും വിഷമതകളും മാറ്റി വച്ച് തയ്യല്‍ ജോലിയിലൂടെ സ്വന്തം വരുമാനം കണ്ടെത്തുന്ന സരസമ്മ തന്റെ ജീവിതത്തില്‍ വൈകി വന്ന മഹാഭാഗ്യമായിട്ടാണ് പട്ടയത്തെ കാണുന്നത്. അതിനായി ഏറെ ശ്രമിച്ച ഭര്‍ത്താവ് വേലായുധന് അത് കാണാന്‍ കഴിയാത്തതിലുള്ള ദുഃഖവും പങ്കുവച്ചു. സര്‍ക്കാരിനോട് ആത്മാര്‍ഥമായ നന്ദിയുണ്ടെന്നു ഈ വീട്ടമ്മ പറഞ്ഞു. അയല്‍വാസികളല്ലാതെ മറ്റാരും സഹായത്തിനില്ലാത്ത തന്റെ ഭാവി ജീവിതത്തിന് ഇതു മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സരസമ്മ.
5)പട്ടയത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ നിരന്തരം കയറി ഇറങ്ങി കാലു തഴമ്പിച്ച യാത്രയ്ക്ക് പരിഹാരമായ സന്തോഷത്തിലാണ് പ്രഭ സിറ്റി തെങ്ങും പറമ്പില്‍ സുശീലയുടെ ഭര്‍ത്താവ് ത്യാഗരാജന്‍. നാലു പതിറ്റാണ്ടിലേറെ മുമ്പ് പുത്തന്‍ ജീവിതം കെട്ടിപ്പടുക്കാനാണ് പൂര്‍വികര്‍ ഇവിടെ എത്തിയത്. ഇക്കാലമത്രയും സ്വന്തം കിടപ്പാടമായ 37.5 സെന്റിന് പട്ടയമില്ലാത്തതിനാല്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിട്ടു. ഇപ്പോ എല്ലാം കലങ്ങിത്തെളിഞ്ഞ പോലെയായെന്നും സര്‍ക്കാരിനോടു പറഞ്ഞു തീരാത്ത നന്ദിയുണ്ടെന്നും ത്യാഗരാജന്‍ പറഞ്ഞു. ചെറിയ ഭൂമിയില്‍ കൃഷിയും കഞ്ഞിക്കുഴി സഹ ബാങ്കില്‍ പാര്‍ട്ട് ടൈം ജീവനക്കാരിയായ സുശീലയുടെ വരുമാനം കൂടി ചേര്‍ത്ത് ജീവിതം നയിക്കുന്ന രണ്ടു മക്കളടങ്ങുന്ന കുടുംബത്തിന് വലിയ പ്രതീക്ഷകളാണ് ഇനിയുള്ളത്.